ബഹ്‌റൈനില്‍ രണ്ടു മാസത്തെ ഉച്ചവിശ്രമ നിയമം നിലവില്‍ വന്നു. നിരോധിത സമയങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്ന കമ്പനിക്ക് ആളൊന്നിന് 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൊടും ചൂട് അനുഭവപ്പെടുന്ന ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് പുറം ജോലിക്കാര്‍ക്കാക്ക് ഉച്ചവിശ്രമം നല്‍കേണ്ടത്. ഈ സമയങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ നാലു വരെ ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. നിര്‍മാണ ജോലിക്കാര്‍ക്ക് മാത്രമല്ല സൂര്യതാപം നേരിട്ട് ഏല്‍ക്കുംവിധം ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഉച്ചവിശ്രമം ബാധമാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഭവന പദ്ധതികള്‍, ഫാക്ടറികള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെയും ഉച്ചവിശ്രമ നിയമത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് രാജ്യം നല്‍കുന്നത്. അതോടൊപ്പം ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ചൂട് സമയത്ത് ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചതോടെ സൂര്യതാഘാതംമൂലമുള്ള അപകടം കുറഞ്ഞതായും മന്ത്രാലയം സൂചിപ്പിച്ചു. ഉച്ചവിശ്രമ നിയമത്തോട് കഴിഞ്ഞ വര്‍ഷം 98 ശതമാനം കമ്പനികളും സഹകരിച്ചിരുന്നു. നിയമം ലംഘിച്ച 265 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി മന്ത്രാലയം വ്യക്തമാക്കി.