ദുബായില്‍ കഴിഞ്ഞ വര്‍ഷം ഗതാഗത നിയമലംഘനങ്ങള്‍ക്കു ചുമത്തിയ പിഴയില്‍ അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ദാനവര്ഷാചരണത്തിന്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
2016 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെ ചുമത്തിയ പിഴകള്‍ക്കാണ് ഈ ഇളവ് ബാധകമാവുക. 2017ല്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്ക് മുഴുവന്‍ തുകയും നല്‍കണം. ദുബായ് പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, പൊലീസ് സ്റ്റേഷനുകള്‍, വാഹന റജിസ്ട്രേഷന് കേന്ദ്രങ്ങള്‍, പിഴ അടയ്ക്കുന്നതിനുള്ള മെഷീനുകള്‍, ആര്.ടി.എ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പിഴയടക്കാം. ഇതിനു പുറമേ ഓണ്‍ലൈനായും ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടക്കുന്നതിന് സൗകര്യമുണ്ട്. റമസാനോട് അനുബന്ധിച്ച് ചെറിയ തോതിലുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതും ദുബായ് പൊലീസ് നിര്‍ത്തി വച്ചിരുന്നു.
ഇരുനൂറു ദിര്‍ഹം മുതല്‍ മുപ്പതിനായരം ദിര്‍ഹം വരെയാണ് വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക. അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് മുന്നൂറു ദിര്‍ഹം മുതല്‍ മൂവായിരം ദിര്‍ഹം വരെയാണ് പിഴ. നന്പര് പ്ലേറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂവായിരം ദിര്‍ഹവും 23 ബ്ലാക്ക് പോയിന്റും പിഴ ലഭിക്കും.