ഒമാനിൽ കടുത്ത ചൂട് തുടരുന്നു. ചിലയിടങ്ങളിൽ താപനില 50 ഡിഗ്രി കവിഞ്ഞു. രണ്ടു ദിവസം കൂടി നിലവിലെ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിസ്വ, ബുറൈമി, ഇബ്രി തുടങ്ങിയ പ്രദേശങ്ങളിലാണ് ചൂട് 50 ഡിഗ്രിക്ക് മുകളില്‍ എത്തിയത്. മരുഭൂയിലും തുറന്ന പ്രദേശങ്ങളിലുമാണ് കൊടും ചൂട് അനുഭവപ്പെടുന്നത്. മസ്കറ്റിലും പരിസര പ്രദേശങ്ങളിലും 44നും 49 ഡിഗ്രിക്കും ഇടയിലായിരുന്നു താപനില. സൗദി മരുഭൂമിയിൽനിന്നുള്ള വീശിയടിച്ച പടിഞ്ഞാറൻ കാറ്റാണ് ചൂടിന് ശക്തികൂട്ടിയത്. ഇതേ കാലാവസ്ഥ രണ്ടു ദിവസം കൂടി തുടരും. ഖുറിയാത്ത്, റുസ്താഖ്, ആദം, ബിദിയ തുടങ്ങിയ പ്രദേശങ്ങളിലെയും താപനില 48 ഡിഗ്രിക്ക് മുകളിലായിരുന്നു. കടുത്ത ചൂട് കണക്കിലെടുത്ത് ചില സ്കൂളുകള്‍ കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മൂന്ന് ദിവസം അവധി നല്കി. പുറം ജോലിക്കാരെയാണ് ചൂട് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച മുതൽ ഉച്ചവിശ്രമം പ്രാബല്യത്തിൽ വരുന്നത് നിർമാണ തൊഴിലാളികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും. ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് കൊള്ളരുതെന്നും മുന്നറിയിപ്പുണ്ട്.