പ്രഭാസ് ചിത്രം 'സ്പിരിറ്റ്' ആദ്യദിനം 150 കോടി നേടും; സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ

രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ അനിമല്‍ എന്ന ചിത്രം വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. അതോടെ ഇന്ത്യന്‍ സിനിമാലോകത്ത്  സന്ദീപ് റെഡ്ഡി വാംഗ എന്ന പേരും വളരെ സുപരിചിതമായി മാറി. അനിമല്‍ എന്ന ചിത്രം സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ വിപണിമൂല്യലും കുത്തനെ ഉയര്‍ത്തി. ചിത്രം വലിയ വിജയമായതിനൊപ്പം തന്നെ നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്ന തിരക്കിലാണ് സന്ദീപ് റെഡ്ഡി വാംഗ. സ്പിരിറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം ആദ്യദിനം തന്നെ മുടക്കുമുതലിന്‍റെ പകുതി തിരിച്ചുപിടിക്കുമെന്ന സന്ദീപ് റെഡ്ഡിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുന്നത്.

ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സന്ദീപ് റെഡ്ഡി തന്‍റെ പുതിയ ചിത്രത്തിന്‍റെ വിജയപ്രതീക്ഷ പങ്കുവച്ചത്. അനിമല്‍ എന്ന ചിത്രത്തിന്‍റെ വലിയ വിജയം അടുത്ത ചിത്രത്തിന് സമ്മര്‍ദ്ദമേല്‍പ്പിക്കുന്നുണ്ടോ എന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സന്ദീപ് റെഡ്ഡി.' സ്പിരിറ്റ് ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ്. ഓടുന്ന സബ്ജക്ടായതുകൊണ്ട് ഭയമില്ല. ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ നിര്‍മാതാവ് സേഫ് ആണ്. സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾക്കൊപ്പം പ്രഭാസിന്‍റെയും എന്‍റെയും കോമ്പിനേഷനും ചേരുമ്പോള്‍ തന്നെ തുടക്കത്തിലെ മുടക്കിയ പണം കിട്ടും. 300 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മാണ ചെലവായി കണക്കാക്കുന്നത്. എങ്ങനെ നോക്കിയാലും ചിത്രം ആദ്യദിനം തന്നെ 150 കോടി കലക്ഷന്‍ നേടും' എന്നായിരുന്നു സന്ദീപ് റെഡ്ഡിയുടെ മറുപടി.

'അനിമലിന്റെ ചിത്രീകരണത്തിനിടെയാണ് സ്പിരിറ്റിന്റെ ആശയം രൂപപ്പെടുന്നത്. ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ റീമേക്കിനായി ഞാന്‍ പ്രഭാസിനെ നേരത്തേ സമീപിച്ചിരുന്നു. എന്നാല്‍ ആ ചിത്രം നടന്നില്ല. പല കാരണങ്ങള്‍കൊണ്ടും അത് നീണ്ടുപോയി. സ്പിരിറ്റിന്‍റെ ആശയം പ്രഭാസിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് ഏറ്റു. സ്പിരിറ്റിന്‍റെ ചിത്രീകരണം 2024 നവംബർ-ഡിസംബർ മുതൽ ആരംഭിക്കുമെന്ന് കരുതുന്നു' എന്നും സന്ദീപ് റെഡ്ഡി വാംഗ പറഞ്ഞു. 

Sandeep Reddy Vanga talks about his new film