എനിക്ക് ഇനി സ്വപ്നങ്ങളില്ല; ശ്വാസം നിലനിൽക്കുന്നതിന് ദൈവത്തിന് നന്ദി: എ.ആർ റഹ്മാൻ

ജീവിതത്തിൽ വലിയ സ്വപ്നങ്ങളൊന്നും ബാക്കിയില്ലെന്ന് സ്വപ്നസംഗീതത്തിൻ്റെ സ്രഷ്ടാവ് എ.ആ.റഹ്മാൻ. ഇപ്പോഴും ശ്വാസവും ജീവനും ഉള്ളതിന് ഓരോ നിമിഷവും ദൈവത്തോട് നന്ദിപറയുന്നുവെന്ന് റഹ്മാൻ മനോരമന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഓരോ ദിവസവും രാവിലെ ഉണരാൻ കഴിഞ്ഞാൽ അതിനെ ഒരു ദൈവത്തിൻ്റെ സമ്മാനമായി കാണണം എന്നാണ് ഞാൻ മക്കളോട് പറയാറുള്ളത്. എന്തെങ്കിലും ചെയ്യാൻ ഈശ്വരൻ നൽകുന്ന അവസരമാണത്. ഒരാളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനോ ഒരാളെ അലോസരപ്പെടുത്താനോ ആ അവസരം ഉപയോഗിക്കാം. ഏത് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അവിടെ സ്നേഹമാകണം തിരഞ്ഞെടുക്കേണ്ടതെന്നാണ് എൻ്റെ പക്ഷം. സ്നേഹം ഒരു വലിയ രഹസ്യമാണെന്നുകൂടി ഞാൻ പറയും'.

ആദ്യസിനിമയിൽത്തന്നെ ദേശീയപുരസ്കാരവും നാൽപ്പത്തിരണ്ടാംവയസിൽ ഓസ്കറും ഉൾപ്പെടെ  ചുരുങ്ങിയ സമയത്തിനുള്ളിൽ അംഗീകാരങ്ങളുടെ ഔന്നത്യത്തിൽ എത്തിയ സംഗീതപ്രതിഭയാണ് റഹ്മാൻ. അങ്ങനെ പീക്കിൽ നിന്ന് കരിയർ തുടങ്ങേണ്ടിവന്നതിൻ്റെ വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'സിനിമയിൽ സാധാരണ ഒരു മുപ്പത് ചിത്രങ്ങളെങ്കിലും ചെയ്തുകഴിഞ്ഞാണ് ദേശീയ പുരസ്കാരം ലഭിക്കാറ്. എനിക്ക് ആദ്യചിത്രത്തിന് തന്നെ (റോജ) ദേശീയ അവാർഡ് ലഭിച്ചു. അറുപത് വയസിലെത്തിയവർ പോലും ദേശീയ പുരസ്കാരത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു അത്. 

'അങ്ങനെ ആദ്യം തന്നെ  പീക്കിലെത്തിക്കഴിഞ്ഞാൽ പിന്നെ എന്തുചെയ്യും എന്നത് ഒരു വെല്ലുവിളിയാണ്. ഔന്നത്യത്തിൽ നിന്ന് തുടങ്ങേണ്ടിവരുന്നത് ഒരു പ്രത്യേക അവസ്ഥയാണ്. പക്ഷേ ലോകം വളരെ വലുതാണെന്നും ഒരുപാട് കാര്യങ്ങൾ കാണാനും അറിയാനും പഠിക്കാനും ഉണ്ടെന്ന് മനസിലാക്കിക്കഴിഞ്ഞാൽ പീക്ക് എന്നൊക്കെ പറയുന്നത് വളരെ ചെറുതാണെന്ന് നമുക്ക് ബോധ്യപ്പെടും. നിങ്ങൾ ഒരു വിമാനത്തിലിരുന്ന് താഴേക്ക് നോക്കുമ്പോൾ ഭൂമി പോലും ചെറുതാണെന്ന് തോന്നും. നമ്മൾ എങ്ങനെയാണ് കാണുന്നത് എന്നതാണ് പ്രധാനം. ഇനിയും ഒരുപാട് കാണാനും അറിയാനും ഉണ്ട് എന്നാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്'. ഒരുപാട് പുതിയ കാര്യങ്ങൾ ചെയ്യാനുണ്ട്. സമൂഹത്തിന് ഒരുപാട് തിരികെ നൽകാനുണ്ടെന്നും റഹ്മാൻ പറഞ്ഞു. 

I've no big dreams left, says AR Rahman