മോട്ടോര്‍ സൈക്കിളുകളോട് പ്രണയം; റൈഡുകള്‍ക്കായി കമ്പനി പ്രഖ്യാപിച്ച് അജിത്ത്

അഭിനയത്തിന് പുറമേ തമിഴ് നടന്‍ അജിത്ത് കുമാറിന്‍റെ മോട്ടോര്‍ സൈക്കിളുകളോടും ബൈക്ക് റൈഡുകളോടുമുള്ള സ്നേഹം പ്രശസ്തമാണ്. ഇപ്പോളിതാ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന കമ്പനിയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജിത്ത്. എകെ മോട്ടോ റൈഡ് എന്ന പേരിലാണ് പുതിയ കമ്പനി വരുന്നത്. ഇത് സംബന്ധിച്ച് ഒരു വാര്‍ത്താ കുറിപ്പും താരം പുറത്തിറക്കിയിട്ടുണ്ട്. 'എകെ മോട്ടോ റൈഡ് എന്ന മോട്ടോർ സൈക്കിൾ ടൂറിസം കമ്പനിയിലൂടെ മോട്ടോർ സൈക്കിളുകളോടും റൈഡുകളോടുമുള്ള എന്‍റെ അഭിനിവേശം ഒരു പ്രൊഫഷനായി പങ്കിടുന്നതിൽ ഞാൻ സന്തോഷിക്കുന്നു' എന്നാണ് അജിത്ത് കുറിച്ചത്. 

'ജീവിതം മനോഹരമായ യാത്രയാണ്. അതിന്‍റെ വളവുകളെയും തിരിവുകളെയും ദൈര്‍ഘ്യമേറിയ പാതകളെയും സ്വീകരിക്കുക- എനിക്ക് ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെട്ട വാചകമാണ് ഇത്' എന്ന് എഴുതിക്കൊണ്ടാണ് താരത്തിന്‍റെ വാര്‍ത്താകുറിപ്പ് ആരംഭിക്കുന്നത്. 'റൈഡേഴ്സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ദേശീയ– അന്തര്‍ദേശീയ യാത്രകള്‍ എകെ മോട്ടോ റൈഡ് വാഗ്‍ദാനം ചെയ്യുന്നു. കൃത്യമായ സുരക്ഷയോടെയും  പ്രതിബദ്ധതയോടെയും അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കും.  പ്രൊഫഷണല്‍ ഗൈഡുകളും നിങ്ങളുടെ യാത്രകളെ അവിസ്മരണീയമാക്കും എന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്നു കൂടി കുറിച്ചാണ് താരത്തിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

Ajith announced company for rides