‘പ്രതിച്ഛായ നശിപ്പിക്കരുത്’; കോച്ചുകളില്‍ നിന്നുള്ള വിഡിയോക്ക് റെയില്‍വേയുടെ മറുപടി

ഇന്ത്യയിലെ ട്രെയിനുകളിലെ തിക്കുംതിരക്കും പുതിയ കാഴ്ചയല്ല. ഇത്തരം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ജനറല്‍ കംപാര്‍ട്മെന്‍റുകളിലെ തിക്കിനും തിരക്കിനും പുറമേ റിസര്‍വ് ചെയ്ത കംപാര്‍ട്മെന്‍റുകളിലും എസി കോച്ചുകളിലും ജനറല്‍ ടിക്കറ്റ് മാത്രമുള്ളവരും ടിക്കറ്റില്ലാത്തവരും നില്‍ക്കുന്ന വി‍ഡിയോകള്‍ നെറ്റിസണ്‍സ് പങ്കുവയ്ക്കാറുണ്ട്. ഈ പരാതികള്‍ക്ക് മറുപടിയായി മറ്റൊരു വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. @kapsology എന്ന എക്സ് യൂസര്‍ പങ്കുവച്ച ട്വീറ്റിന് മറുപടിയായാണ് ഇന്ത്യന്‍ റെയില്‍വേയുടെ ട്വീറ്റ്. ‘ഇത് ജനറല്‍ കോച്ചല്ല, ഇത് സ്ലീപ്പര്‍ കോച്ചല്ല, ഇത് തേഡ് എസി കോച്ചല്ല.... ഇത് സെക്കന്‍ഡ് എസി കോച്ചാണ്. തിരക്ക് ‌ട്രെയിനുകളിലെ പ്രീമിയം കോച്ചുകളിൽ ഒന്നിലും എത്തിയിരിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് എത്തിയത്. 

എന്നാല്‍ ഈ കോച്ചില്‍ തിരക്കില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേയുടെ പ്രതിച്ഛായയെ നശിപ്പിക്കരുത് എന്നും കുറിച്ച് റെയില്‍വേയെത്തി. അതേ ട്രെയിനിലെ കോച്ചില്‍ നിന്നുള്ള വിഡിയോ പങ്കുവച്ചാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. പക്ഷേ റെയില്‍വേ മന്ത്രാലയത്തിന്‍റെ വിശദീകരണം നെറ്റിസണ്‍സിന് അത്ര രസിച്ചിട്ടില്ല. എന്തൊരു ദയനീയമായ പ്രതികരണം എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. കമന്‍റുകള്‍കൊണ്ട് നിറയുകയാണ് ട്വീറ്റ്.

‘പൗരന്മാരുടെ ആശങ്കകൾ കേട്ട് അവരെ സേവിക്കാനാണ് നിങ്ങള്‍, എന്തൊരു ദയനീയമായ പ്രതികണമാണിത്’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘യാത്രക്കാരുടെ പരാതികൾ (വിഡിയോ തെളിവുകൾ സഹിതം) അംഗീകരിക്കാൻ നിങ്ങൾ പരസ്യമായി വിസമ്മതിക്കുകയാണോ? നിങ്ങൾ അവരെ കള്ളം പറയുന്നവരാക്കുകയാണോ? അവിശ്വസനീയം’ എന്ന് മറ്റൊരാള്‍ കുറിച്ചു. ‘ഇത് അഹങ്കാരമാണ്, ട്രെയിനുകളില്‍ ഇത്തരം അവസ്ഥ ഇന്ന് വളരെ സാധാരണമാണ്. എല്ലായിടത്തും ടിക്കറ്റില്ലാത്ത യാത്രക്കാരാണ്. കൺഫേം ടിക്കറ്റുള്ള ആളുകൾക്ക് ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിങ്ങളുടെ ഇതിനകം കളങ്കപ്പെട്ട ‘പ്രതിച്ഛായ’യെക്കുറിച്ച് ശ്രദ്ധിക്കുന്നതിനുപകരം പരിഹാര നടപടികള്‍ എവിടെ?’ എന്നിങ്ങനെ നീളുന്നു നെറ്റിസണ്‍സിന്‍റെ കമന്‍റുകള്‍.

കഴിഞ്ഞ ദിവസം മുന്‍കൂട്ടി ടിക്കറ്റെടുത്തിട്ടും എസി കംപാര്‍ട്മെന്‍റില്‍ കയറ്റാതിരുന്നതില്‍ കുപിതനായ യുവാവ് ട്രെയിനിന്‍റെ വാതിലിലെ ഗ്ലാസ് അടിച്ചു പൊട്ടിച്ച സംഭവത്തിന്‍റെ വിഡിയോയും വൈറലായിരുന്നു. തിങ്ങി നിറഞ്ഞ കോച്ചിനുള്ളിലേക്ക് കയറാന്‍ യാത്രക്കാരന്‍ ശ്രമിച്ചതോടെ വാതിലില്‍ നിന്നയാള്‍ അകത്ത് സ്ഥലമില്ലെന്നും കയറാന്‍ സാധിക്കില്ലെന്നും പറയുകയായിരുന്നു. അസംഗഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള കഫിയാത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്‍റെ തേർഡ് എസി കോച്ചിലായിരുന്നു സംഭവം. എന്നാല്‍ ഇതും ട്വീറ്റിലൂടെ റെയില്‍വേ നിരസിച്ചു. അന്വേഷണത്തില്‍ ചില്ല് പൊട്ടിയതായി കണ്ടെത്തിയിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന പഴയ വീഡിയോകൾ ഷെയർ ചെയ്യരുത് എന്നുമാണ് റെയില്‍വേ കുറിച്ചത്.

ഇതിനിടെ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കംപാര്‍ട്മെന്‍റിന്‍റെ വിഡിയോയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമെത്തി. നരേന്ദ്രമോദിയുടെ ഭരണത്തിൽ തീവണ്ടിയാത്ര ഒരു ശിക്ഷയായി മാറി! സാധാരണക്കാര്‍ ഉപയോഗിക്കുന്ന ട്രെയിനുകളിൽ നിന്ന് ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും 'എലൈറ്റ് ട്രെയിനുകൾ' മാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മോദി സർക്കാർ എല്ലാ ക്ലാസുകളിലെയും യാത്രക്കാരെ ദ്രോഹിക്കുകയാണ്. കണ്‍ഫേം ടിക്കറ്റ് ലഭിച്ചിട്ടും ആളുകൾക്ക് അവരുടെ സീറ്റിൽ ഇരിക്കാൻ കഴിയുന്നില്ല; സാധാരണക്കാരൻ തറയിലും ശുചിമുറിയിലും ഇരിക്കാന്‍ നിർബന്ധിതരാകുന്നു. മോദി സർക്കാർ തങ്ങളുടെ നയങ്ങളിലൂടെ റെയിൽവേയെ ദുർബ്ബലപ്പെടുത്താനും റെയില്‍വേയ്ക്ക് കഴിവില്ല എന്ന് തെളിയിക്കുകയുമാണ് ചെയ്യുന്നത്, അങ്ങിനെ അതുവില്‍ക്കാന്‍ ഒരു അവസരം തേടുന്നു. സാധാരണക്കാരുടെ യാത്ര നന്നാകണമെങ്കില്‍ റെയിൽവേയെ തകർക്കുന്ന മോദി സർക്കാരിനെ പുറത്താക്കേണ്ടിവരും’. എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചത്.

No overcrowding. Please don't malign the image of Indian Railways by sharing misleading videos: says Indian Railway to refute claim of overcrowding in second AC coach