പ്രാർഥനയോടെ; രാം ചരണും ഭാര്യയും ഓസ്കറിനൊരുങ്ങിയത് ഇങ്ങനെ; വിഡിയോ

ലോസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടന്ന 95-ാമത് ഓസ്കർ വേദിയിൽ ആർആർആർ അഭിനേതാക്കളായ രാം ചരണും ജൂനിയർ എൻടിആറും എത്തിയത് ഇന്ത്യയുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രധാരണത്തിൽ. രാം ചരൺ തന്റെ ഭാര്യ ഉപാസന കാമിനേനിക്കൊപ്പമാണ് ഓസ്കർ റെഡ്കാർപറ്റിൽ എത്തിയത്. രാം ചരൺ  ത്രീ പീസ് വെൽവെറ്റ് വസ്ത്രം തിരഞ്ഞെടുത്തപ്പോൾ ജൂനിയർ എൻടിആർ ഗൗരവ് ഗുപ്ത എംബ്രോയ്ഡറി ചെയ്ത ബന്ദ്ഗാല ഷെർവാണിയിൽ തിളങ്ങി. 

രാം ചരണിന്റെ ഭാര്യ ഉപാസന ആറുമാസം ഗർഭിണിയാണ്. ഓസ്കറിനു മുന്നോടിയായുള്ള ഇരുവരുടെയും ഒരുക്കത്തെക്കുറിച്ച് വാനിറ്റിഫെയർ ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

രാം ചരണിണിന്റെ ഗംഭീര ലുക്കിന് പിന്നിൽ ശന്തനു-നിഖിൽ എന്ന പ്രശസ്തരായ ഇന്ത്യൻ സ്റ്റൈലിസ്റ്റുകളാണ്.  വെൽവെറ്റ് ത്രീ പീസ് വസ്ത്രത്തിൽ അസിമെട്രിക്കൽ കുർത്തയും സ്ട്രൈറ് ഫിറ്റ് പാന്റ്സും ബന്ദ്ഗാല ജാക്കറ്റും ഉൾപ്പെടുന്നു. ഫുൾ കൈ ഉള്ള കുർത്തയിൽ ഭാരതത്തിന്റെ ചിഹ്നമുള്ള ബട്ടനും സ്റ്റൈലിഷ് ബ്രൂച്ചും അസിമെട്രിക്കൽ സ്റ്റിച്ചിങ്ങും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.  ഏകദേശം 60 വർഷമായി ഷൂസ് ഡിസൈനറായ ഇറ്റാലിയൻ ഡിസൈനർ ചെയ്ത കസ്റ്റം മെയ്ഡ് ഷൂസ് ആണ് രാം ചരൺ ധരിച്ചത്.  സ്റ്റേറ്റ്മെന്റ് വാച്ചും ട്രിം ചെയ്ത താടിയും പിന്നിലേക്ക് ചീകിയ ഹെയർ സ്റ്റൈലും കൊണ്ട് രാം ചരൺ തന്റെ റെഡ് കാർപ്പറ്റ് ലുക്ക് പൂർത്തിയാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ ചിഹ്നവും ധരിച്ച് നിൽക്കുമ്പോൾ ചുമലിൽ ഇന്ത്യയിലെ ജനങ്ങളുടെ അഭിമാനത്തിന്റെ ഭാരവുമുണ്ടെന്ന് രാം ചരൺ പറയുന്നു.

രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയും ഏവരെയും ആകർഷിക്കുന്ന ലുക്കിലാണ് റെഡ്കാർപറ്റിൽ ഭർത്താവിനെ അനുഗമിച്ചത്. എംബ്രോയ്ഡറി ചെയ്ത ബോർഡറുകളുള്ള ഒരു ഓഫ്-വൈറ്റ് സിൽക്ക് സാരിയിൽ ഉപാസന മനോഹാരിയായിരുന്നു. ഉപാസനയുടെ കുടുംബ മേക്കപ്പ് ആർട്ടിസ്റ്റാണ് അവരുടെ ആകർഷകമായ മേക്കപ്പിന്റെ പിന്നിൽ.  സാരിയോടൊപ്പം ധരിച്ച ലിഡിയൻ പൂവുള്ള സ്റ്റേറ്റ്മെന്റ് നെക്‌ലേസ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ ബിനാ ഗോയങ്ക ഡിസൈൻ ചെയ്തതാണ്. സാരിക്ക് അനുയോജ്യമായ വളകളും കമ്മലും കൊണ്ട് കൂടുതൽ മനോഹരിയാകുന്നു. തെലങ്കാനയിലെ കരകൗശല വിദഗ്ധർ നെയ്തെടുത്ത പട്ടുകൊണ്ടുള്ള സാരിയാണ് ഉപാസന ധരിച്ചത്.  ചുവന്ന പരവതാനിയിൽ ഒരു ഇന്ത്യക്കാരിയായ അഭിമാനത്തോടെ നിൽക്കുമ്പോൾ നാടിനെ പ്രതിനിധീകരിക്കുന്ന വേഷം തന്നെ ധരിക്കണമെന്ന് ഉപാസനയ്ക്ക് നിർബന്ധമുണ്ടായിരുന്നു.