നേർക്കുനേർ ഏറ്റുമുട്ടാൻ സുരാജും ഇന്ദ്രജിത്തും; പത്താം വളവ് ട്രെയിലർ പുറത്ത്

ജോസഫ് എന്ന ചിത്രത്തിന് ശേഷം എം. പദ്മകുമാര്‍ ഒരുക്കുന്ന ‘പത്താം വളവി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ  കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കിരിക്കുന്നത്, അജ്മല്‍ അമീറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.  അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബോളിവുഡ് നിർമാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട് .  റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എംഎംസ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.