‘പെണ്ണ് അടുക്കളക്കാരിയല്ല; തൊട്ടുകൂടാത്തവളും’; ഉള്ളില്‍കൊളുത്തി ഒരു സിനിമ: അഭിമുഖം

‘മഹത്തായ ഇന്ത്യൻ അടുക്കള’യെക്കുറിച്ചാണ് ചുറ്റും ചർച്ചകൾ. കൃത്യമായ രാഷ്ട്രീയം പറഞ്ഞ് എത്തിയ സിനിമ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സമൂഹത്തിന് നേരെ തുറന്ന് പിടിച്ച കണ്ണാടിയാണെന്ന് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ തളച്ചിടപ്പെട്ട പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിമിഷ സജയനും സുരാജ് വെ‍ഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സിനിമ കൃത്യമായ രാഷ്ട്രീയമാണ് വിളിച്ചുപറയുന്നത്. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം കൃത്യമായി സധൈര്യം മുന്നോട്ട് വച്ചതിൽ കയ്യടി നേടുകയാണ് സംവിധായകൻ ജിയോ ബേബി. ചർച്ചകൾ സജീവമാകുമ്പോൾ ജിയോ ബേബി മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു. 

സിനിമ ചർച്ചയാകുമ്പോൾ..?

ഇങ്ങനൊരു സിനിമ ആഘോഷിക്കപ്പെടുന്നതിലെ സന്തോഷത്തിലാണ് ഞാൻ. ഏറ്റവും അധികം നന്ദി പറയുന്നത് നിർമാതാക്കളായ ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എന് രാജ് എന്നിവർക്കാണ്. കാരണം ഇങ്ങനെയൊരു കഥ സിനിമയാക്കാൻ അവർ സമ്മതിച്ചതിനും പിന്തുണ നല്‍കിയതിനും. ലോക്ഡൗൺ കാലത്ത് ചിത്രീകരിച്ച സിനിമയാണ്. അതുകൊണ്ട് തിയറ്റർ പ്രതീക്ഷ ഇല്ലായിരുന്നു. പൂർണമായും ഒടിടി പ്ലാറ്റ്ഫോമിലേക്കാണ് സിനിമ ഒരുക്കിയത്. എന്നാൽ മുൻനിര പ്ലാറ്റ്ഫോമുകൾ പലരും ഈ സിനിമ ഏറ്റെടുക്കാൻ വിസമ്മതിച്ചു. ഈ സിനിമയുടെ മുടക്കുമുതൽ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയുമില്ല ഇപ്പോള്‍. സിനിമ ചർച്ചയാകുന്നതാണ് സന്തോഷം‌.  

ഓരോ വീട്ടിലും സംഭവിക്കുന്നത്..? 

നമ്മുടെ സമൂഹം എല്ലാത്തരത്തിലും തെറ്റാണ് എന്നാണ് സിനിമയിലൂടെ കാണിക്കുന്നത്. നമ്മുടെ വീടുകളുടെ അവസ്ഥയെക്കുറിച്ച് തന്നെ ചിന്തിച്ചാൽ മതി. വീടുകളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് ആലോചിച്ചാൽ മതി. തെറ്റുകളുടെ ഒരു കേന്ദ്രമാണ് വീട്. സാമൂഹിക ബോധത്തിലൂടെയല്ല നമ്മൾ വളരുന്നത്. പുരുഷന്മാരുടെ മേൽക്കോയ്മ തന്നെയാണ് പല വീടുകളിലും സംഭവിക്കുന്നത്. ഞാൻ തന്നെ എന്റെ വീട്ടിൽ ചെറുപ്പം മുതൽ ചെറിയ ജോലികൾ ചെയ്തിരുന്നു. പക്ഷേ വിവാഹശേഷമാണ് വളരെ അധികസമയം ജോലി ചെയ്ത് തുടങ്ങിയത്. അത് വീട്ടിൽ സമത്വം വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ്. അടുക്കള ഒരിക്കലും സ്ത്രീകളുടെ മാത്രം ലോകമല്ല. അത് ഞാൻ മനസ്സിലാക്കിയത് അടുക്കളയിൽ കയറി ജോലി ചെയ്തതുകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഈ സിനിമ ഉണ്ടായതും. 

അടുക്കള ‘മഹത്തായ’ ഒരിടമല്ല

എനിക്ക് പലപ്പോഴും നരകമായിട്ട് തന്നെയാണ് അടുക്കള തോന്നയിട്ടുള്ളത്. ഒരു വീട്ടിൽ ഏറ്റവും കൂടുതൽ സമയം പ്രവർത്തിക്കുന്ന സ്ഥലമാണ് അടുക്കള. രാവിലെ തുടങ്ങി രാത്രി വരെ. അവിടെ പാചകം മാത്രമല്ല, അതിനുശേഷമുള്ള ജോലികളാണ് ഏറ്റവും ദുഷ്ക്കരം. സ്ത്രീകൾ അവിടെക്കിടന്ന് കഷ്ടപ്പെടുകയാണ് പലയിടത്തും. സ്നേഹം എന്നാല്‍ സമത്വം കൂടിയാണ്. പല സ്ത്രീകളും ഇത് സഹിച്ച് ജീവിക്കുന്നു. അങ്ങനെയുള്ളവര്‍ സ്വയം തിരിച്ചറിയുക എന്ന് മാത്രമേ പറയാനുള്ളൂ. ഉത്തരവാദിത്തത്തിന്റെയും കടമയുടെയും പേരിൽ ഇതൊക്കെ സഹിച്ച് ജീവിക്കുന്നവർ ചെയ്യുന്നത് മണ്ടത്തരമാണ്. എത്ര പുരോഗമനം വാദിച്ചാലും വലിയ മാറ്റങ്ങളൊന്നും സമൂഹത്തിന് സംഭവിച്ചിട്ടില്ല. സ്വന്തമായി ജോലിയുള്ള സ്ത്രീകൾ സ്വതന്ത്രരാണ് എന്ന് പറയുന്നതും വാസ്തവം അല്ല. അവർ അധികഭാരമാണ് വലിക്കുന്നത്. ജോലിക്ക് പോയിവന്ന് വീട്ടിലെ ജോലികളും തീർത്ത് ജീവിക്കുന്ന സ്ത്രീകളാണ് പലരും. അതുകൊണ്ട് ഭാര്യയെ ജോലിക്ക് വിടുന്നു എന്ന് പറയുന്നത് വലിയ പുരോഗമനം ആണെന്ന് പറയാൻ പറ്റില്ല. ഇതൊക്കെ എനിക്ക് നേരിട്ട് അറിയുന്ന, അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ആശയങ്ങളാണ്. 

ആർത്തവം, ലൈംഗികത, കുടുംബം

കുട്ടികൾക്ക് അവബോധം കൊടുത്ത് വളർത്തുക. വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക. ഈ സിനിമ 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ കൂടെ തന്നെ ഇരുന്ന് കാണണം. അവർ സംശയം ചോദിക്കുമ്പോൾ മാതാപിതാക്കൾ പറഞ്ഞ് മനസ്സിലാക്കണം. രണ്ടു പേരും ആഗ്രഹിക്കുമ്പോഴാണ് ലൈംഗികത സംഭവിക്കേണ്ടത്. ഒരാൾക്ക് മാത്രം തോന്നുമ്പോള്‍ പ്രകടമാക്കേണ്ടതല്ല അത്. കുട്ടികൾ‌ അത് മനസ്സിലാക്കണം. ഈ സിനിമയിലെ ഒരു രംഗത്തിൽ സഹികെട്ട് ഭാര്യ ലൈംഗികതയിൽ അനുഭവിക്കുന്ന വേദനയെക്കുറിച്ച് തുറന്നു പറയുകയാണ്. പൊതുവേ എല്ലാവരും ഈ ഭർത്താവിനെപ്പോലെയാണെന്നല്ല പറയുന്നത്. ഈ കഥാപാത്രം അങ്ങനെയാണ്. അത് ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ രംഗമാണ്. മലബാർ പശ്ചാത്തലത്തിലാണ് സിനിമ. എന്നെ സംബന്ധിച്ച് അപരിചിതമായ സ്ഥലമാണ്. 

ഞാൻ വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദു വിശ്വാസത്തിൽ ജീവിക്കുന്ന ആളെയാണ്. പല ഹിന്ദു കുടുംബങ്ങളിലും ഇപ്പോഴും ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റിനിർത്തുന്നുണ്ട്. തൊട്ടുകൂടാത്തവരാക്കുന്നുണ്ട്. ശബരിമലയ്ക്ക് പോകാൻ മാലയിടണമെന്നില്ല അതിന്. പഴയകാലത്തേക്കാള്‍ മാറ്റം അതിലുണ്ടായിട്ടുണ്ടെങ്കിൽ പുരോഗമനം കാരണമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കൂട്ടുകുടുംബം മാറി അണുകുടുംബ വ്യവസ്ഥ ആയപ്പോൾ സ്ത്രീകൾ മാറിയിരുന്നാൽ ജോലികൾ നടക്കാത്ത അവസ്ഥയാണ്. അല്ലാതെ അത് പുരുഷന്മാരുടെ വിശാലമനസ്കത കൊണ്ടാണെന്ന് വിചാരിക്കുന്നില്ല.

നിമിഷയും സുരാജും

സിനിമ ആലോചിച്ചപ്പോൾ  തന്നെ നായിക കഥാപാത്രമായി നിമിഷയെ ഉറപ്പിച്ചിരുന്നു. സുരാജിനെ നായകനാക്കാനുള്ള തീരുമാനം അവസാനമാണ് ഉണ്ടായത്. പലരെയും ആലോചിച്ചിരുന്നു. നിർമാതാവ് ഡിജോയാണ് സുരാജിന്റെ പേര് പറയുന്നത്. നിമിഷയും സുരാജും തമ്മിൽ ഒരു കെമിസ്ട്രി എല്ലാവരുടെയും മനസ്സിലുണ്ടല്ലോ. സുരാജിന്റെ സാമൂഹിക ബോധത്തെ ഞാൻ  അഭിനന്ദിക്കുന്നു. കാരണം ഈ സിനിമയുട കഥ കേട്ടിട്ട്  സുരാജിനെപ്പോലെ മലയാള സിനിമയിൽ മുന്‍നിരയിലുള്ള നടൻ ഇതിൽ അഭിനയിക്കാൻ സമ്മതിച്ചതിന്. ആ കഥാപാത്രത്തെ കൃത്യമായി അദ്ദേഹം അവതരപ്പിച്ചു. 

തിരക്കഥ മാത്രമാണ് ഈ സിനിമയ്ക്കുള്ളത്. സംഭാഷണം എഴുതിയിട്ടില്ലായിരുന്നു. അഭിനേതാക്കൾ സാഹചര്യവും സന്ദർഭവും മനസ്സിലാക്കിയാണ് ഡയലോഗുകൾ പറഞ്ഞിരിക്കുന്നത്. സുരാജിനും നിമിഷക്കും അത് വലിയ കംഫർട്ട് ആയി. അതിന്റെയൊക്കെ പ്രതിഫലം സിനിമയിൽ കാണാനുണ്ട്. സിനിമയിൽ പശ്ചാത്തല സംഗീതം  വേണ്ടെന്ന് മനപ്പൂർവം തീരുമാനിച്ചതാണ്. കാരണം ആ ജീവിതം അങ്ങനെ തന്നെ കാണിക്കണം എന്നുള്ളതുകൊണ്ടാണ്. 

സിനിമ ചർച്ചകള്‍ക്ക് വഴിവെക്കട്ടെ. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധിപേർ അഭിപ്രായം പങ്കുവയ്ക്കുന്നു. വിശ്വാസികളും അയ്യപ്പഭക്തരുമായി നിരവധിപ്പേർ എന്നെ വിളിച്ച് അഭിനന്ദിച്ചു. ചർച്ചകളിൽ വരുന്ന അഭിപ്രായങ്ങൾക്കെല്ലാം ഉത്തരം പറയാൻ ഞാൻ തയ്യാറാണ്– ജിയോ പറഞ്ഞ് അവസാനിപ്പിക്കുന്നു.