73ന്റെ തുടിപ്പ്; ബോളിവുഡിന്റെ 'ഡ്രീം ഗേളിന്' ഇന്ന് പിറന്നാൾ

ബോളി വുഡിന്റെ ഡ്രീം ഗേളിന് ഇന്ന് 73ാം പിറന്നാള്‍. ഉറങ്ങണമെന്ന ചിന്തയേക്കാള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് എപ്പോഴും പറയാറുള്ള ഹേമമാലിനി സമൂഹത്തില്‍ ഇപ്പോഴും സജീവമാണ്. Age is just a number..ഈ ദൃശ്യത്തിന് ഇങ്ങനെയല്ലാതെ എന്ത് പറയാനാണ്.

തമിഴ്നാട്ടിലെ അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച് ചരിത്രം പഠിക്കാന്‍ കോളേജിലാക്കിയ പെണ്‍കുട്ടി തമിഴകവും കടന്ന് ഹിന്ദി സിനിമലോകവും കീഴടക്കി ഇപ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന പാര്‍ലമെന്റില്‍ എത്തിനില്‍ക്കുമ്പോള്‍ ആ ജീവിതം മാതൃക തന്നെയാണ്.  1968ല്‍ sapno ka saudagar ലൂടെ ബോളിവുഡിലേക്ക് കാല്‍വെച്ചപ്പോള്‍ മുതല്‍ ഡ്രീം ഗേളാണ് ഹേമ. 

1977ല്‍ ഗുല്‍ഷന്‍ റായ്  ഡ്രീം ഗേള്‍ നിര്‍മിക്കുമ്പോള്‍ അതേ പേരിലാണ് അദ്ദേഹം ഹേമമാലിനിയെ പരിചയപ്പെടുത്തിയത്. അത് അവരുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ധര്‍മ്മേന്ദ്രക്കൊപ്പം. അവര്‍ ചെയ്ത കഥാപാത്രങ്ങള്‍ ഹിന്ദി സിനിമ അന്നോളം കണ്ട പ്രണയസങ്കല്‍പ്പങ്ങളില്‍ നിന്നേറെ വ്യത്യസ്തമായിരുന്നു. 

സിനിമയ്ക്കൊപ്പം നടന്ന 50 വര്‍ഷങ്ങള്‍, സിനിമക്ക് നല്‍കിയ സംഭാവനകള്‍, എല്ലാറ്റിലും ഒരു മാലിനി സ്റ്റെല്‍ ഉണ്ടായിരുന്നു. കണ്ണില്‍ നിമിഷാര്‍ദ്ധങ്ങള്‍ക്കൊണ്ട് മാറിമറിയുന്ന നവരസങ്ങള്‍. തമിഴകം ഏറ്റെടുക്കാതിരുന്ന ആ അഭിനയമികവിനെ ബോളിവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. കൂടെ ജോലിചെയ്തവരോട് ഹേമാജിയെ പറ്റി ചോദിച്ചാൽ പറയും, കഥാപാത്രമാവുന്നത് വരെയൊക്കെ തമാശയാണ്, മേക്കപ്പിട്ടാല്‍ പിന്നെ അന്നത്തെ ജോലി തീരുവോളം നടക്കുന്നത് പോലും ആ കഥാപാത്രമായിട്ടായിരിക്കും. നടിയായി മാത്രമല്ല ഹേമമാലിനിയെ നമ്മള്‍ കണ്ടത്. നിര്‍മ്മാതാവായും സംവിധായികയായും അവര്‍ സിനിമയില്‍ നിറഞ്ഞുനിന്നു. ഒന്നാന്തരം നര്‍ത്തകി കൂടിയാണ് ഹേമ. ഭരതനാട്യത്തില്‍ എസ്പി ശ്രീനിവാസൻ ആയിരുന്നു ഗുരു. വെമ്പട്ടി ചിന്നസത്യത്തില്‍ നിന്ന് കുച്ചിപ്പുടി പഠിച്ചു. കലാമണ്ഡലം ഗോപകുമാറിൽ നിന്ന് മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. സിനിമയിലെ ഡ്രീം ഗേള്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ഡ്രീം മുഴുവന്‍ തന്റെ മണ്ഡലത്തിലുള്ളവരുടെ ഉന്നമനത്തെപ്പറ്റിയായിരുന്നു.

മധുരയില്‍ നിന്നുള്ള എം.പിയായി ഇന്നും സജീവമാണവര്‍. ഒരഭിമുഖത്തില്‍ ഹേമമാലിനിയോട് ചോദിച്ചു അമ്മൂമ്മ എന്ന പദവിയാണോ ഡ്രീം ഗേളാണോ കൂടുതല്‍ വിജയിച്ചത് എന്ന്. ഉത്തരം ആ നയനകാന്തിപോലെ മനോഹരമായിരുന്നു, ഇപ്പോള്‍ ഞാന്‍ ഡ്രീം അമ്മൂമയായി. ഏത് പദവിയും വഴങ്ങുമെന്ന് തെളിയിച്ച് കൊണ്ട് 73ന്റെ തുടിപ്പിലും ഹേമമാലിനി തന്റെ വിജയരഹസ്യം പറഞ്ഞുതരികയാണ്. അഭിനേതാവിന് മറ്റൊരാളായി പരകായപ്രവേശം ചെയ്യാനാവുമെങ്കില്‍ ഒാരോ മനുഷ്യനും തൊട്ടുമുന്നിലെത്തുന്നവരുടെ മനസറിയാന്‍ പറ്റും. അപ്പോഴേ നാം മനുഷ്യരാവുന്നുള്ളൂ. 

സ്വപ്നങ്ങള്‍ക്ക് മരണമില്ലല്ലോ. അപ്പോള്‍ സ്വപ്നസുന്ദരിയും നീണാള്‍ വാഴട്ടെ.