അപൂര്‍വ സംഗീതത്തിന് കാതോര്‍ക്കാം; 'തമ്പുര ഹിംസ്' മായി ശ്രീവത്സന്‍ ജെ. മേനോനും മനോരമ മ്യൂസിക്കും

സംഗീതഞ്ജന്‍ ശ്രീവല്‍സന്‍ ജെ മേനോനും മനോരമ മ്യൂസിക്കും ചേര്‍ന്ന് സംഗീതാസ്വാദകര്‍ക്കായി അത്യപൂര്‍വ്വ ഗാനമാലിക സമ്മാനിക്കുകയാണ്. തമ്പുര ഹിംസ് എന്ന പേരില്‍ 10 പുതുമയാര്‍ന്ന കൃതികള്‍. അപൂര്‍വ്വമായി മാത്രം ആലപിച്ചുകേട്ടിട്ടുള്ള ഈ സംഗീതമാലിക മഹാവ്യാധി കാലത്ത് മനസ്സിനെ ശാന്തമാക്കാന്‍ ഏറെ സഹായിക്കും. അടച്ചിടലിന്റെ മഹാമാരിക്കാലത്ത്, തരംഗങ്ങള്‍ ഭയപ്പെടുത്തുന്ന ഈ കെട്ടകാലത്ത് മനസിനെ ശാന്തിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ഒൗഷധമാണ് സംഗീതം. 

കേട്ടുപതിഞ്ഞ പാട്ടുകളെ നമുക്കൊന്ന് മാറ്റിനിര്‍ത്താം. അപൂര്‍വ സുന്ദര സംഗീതത്തിന് കാതോര്‍ക്കാന്‍ പാട്ടുപ്രേമികള്‍ക്ക് അവസരമൊരുക്കുകയാണ് സംഗീതഞ്ജന്‍ ശ്രീവല്‍സന്‍ ജെ മേനോനും മനോരമ മ്യൂസിക്കും.10 വ്യത്യസ്ത കൃതികള്‍. പല മാനസീകാവസ്ഥകളിലൂടെ ആസ്വാദകനെ നയിക്കുന്ന ശുദ്ധസംഗീതം സമ്മാനിക്കുകയാണ് ശ്രീവല്‍സന്‍. 10 തിങ്കളാഴ്ചകളിലായി 10 പ്രമുഖ വ്യക്തികളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് തമ്പുര ഹിംസ് ആസ്വാദകരിലേക്കെത്തുന്നത്. റിലീസിനു ശേഷം പാട്ടുകള്‍ യൂട്യൂബില്‍ ലഭ്യമാകും. സ്വാതിതിരുനാള്‍ യദുകുല കാംബോജിയില്‍ ചിട്ടപ്പെടുത്തിയ ഈ കൃതി ഉത്സവപ്രബന്ധമായി അപൂര്‍വ്വമായി മാത്രം ആലപിക്കുന്നത്ാണ്. പൊതുവില്‍ കേട്ടുശീലിച്ച സ്വാതി പദങ്ങളില്‍ നിന്നേറെ വ്യത്യസ്തമാണ് നീലപുരികുഴലാളെ എന്ന ഈ പദം.

ദളിതമനസിനെ അടയാളപ്പെടുത്തുകയാണ് മാഞ്ചി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ കൃതി. ചിദംബരക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്ത സങ്കടം ശിവനോടുണര്‍ത്തിക്കുകയാണ് ദീനാര്‍ത്തനായ പറയവിഭാഗത്തില്‍പ്പെട്ട ഭക്തന്‍. പുതുമയാര്‍ന്ന ഒരു പരീക്ഷണമാണ് ശ്രീവല്‍സന്‍ നടത്തിയിരിക്കുന്നത്. സാധാരണ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി വാദ്യോപകരണ അകമ്പടിയില്ലാതെയാണ് ആലാപനം. തമ്പുരു മാത്രമാണ് പിന്നണിയില്‍. കന്നഡപ്പെരുമയും ഹിന്ദുസ്ഥാനിയുടെ പ്രൗഡിയും നാടന്‍പാട്ടിന്റെ ലാളിത്യവും സമന്വയിക്കുന്ന പുരന്ദരദാസകൃതി ഏതരചെലുവരംഗയ്യ.

പ്രകൃതിയെ മനുഷ്യമനസിലേക്ക് ചേര്‍ത്തണയ്ക്കുകയാണ് ഗോപാലകൃഷ്ണഭാരതി കൃതി ഇറക്കം വരാമല്‍. കടലിരമ്പവും പ്രകൃതിയുടെ താളവും ബെഹക് രാഗവുമായിച്ചേര്‍ന്ന്  സുഖകരമായ ശ്രുതിമിശ്രണം.ഇതുപോലൊരു സംഗീത പരീക്ഷണത്തിന് വ്യക്തമായ കാരണമുണ്ട് ശ്രീവല്‍സന്.ഇപ്പോഴത്തെ വ്യാധിക്കാലമതിജീവിക്കാനുള്ള സംഗീത മരുന്നും വിരുന്നുമാണ് ഈ അപൂര്‍വ്വ രാഗമാലിക.