മലയാളി മനസിലെ ജാതി ചിന്തകള്‍; 15കാരന്റെ ‘സ്ഥായി’ ഒടിടി റിലീസിന്

മലയാളി മനസിലെ ജാതി ചിന്തകള്‍ പ്രമേയമാക്കി ഒരു പതിനഞ്ച് വയസുകാരന്‍റെ സിനിമ വരുന്നു. എറണാകുളം സ്വദേശി ശ്രീഹരി രാജേഷ് ആണ് ജാതിയതയ്ക്കെതിരെ സന്ദേശവുമായി സ്ഥായി എന്ന പേരില്‍ സിനിമ ഒരുക്കിയിരിക്കുന്നത്. അടുത്തയാഴ്ച ഒടിടി പ്ലാറ്റ്ഫോം വഴി സ്ഥായി റിലീസ് ചെയ്യും. മലയാളിയുടെ മനസില്‍ ഒളിഞ്ഞിരിക്കുന്ന ജാതിചിന്തകള്‍ക്കെതിരെ തുറന്നു പിടിച്ച കണ്ണാടിയാണ് സ്ഥായി. പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും മലയാളി ജീവിതത്തിന്‍റെ എല്ലാ തുറകളിലും ജാതി ചേര്‍ത്തു കെട്ടിയിരിക്കുന്നതായി ഈ സിനിമ ഓര്‍മിപ്പിക്കുന്നു. മലയാളിയുടെ ജീവിതത്തിലെ ജാതിയുടെ സ്ഥായീഭാവമാണ് സ്ഥായി എന്ന പേരിനു പിന്നില്‍. അക്ഷയ് എന്ന തൊഴില്‍രഹിതനായ യുവാവിന്‍റെ ജീവിതത്തിലൂടെയാണ് സ്ഥായി കഥ പറയുന്നത്. 

പതിനഞ്ച് വയസുകാരനായ ശ്രീഹരി തന്നെയാണ് സിനിമയുടെ രചനയും ഛായാഗ്രഹണവും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചത്. ശ്രീഹരിയുടെ ഡിജിറ്റല്‍ ക്യാമറയില്‍ ഒഴിവുസമയങ്ങളിലായിരുന്നു ചിത്രീകരണം. അഭിനേതാക്കളായും പിന്നണി പ്രവര്‍ത്തകരായും ശ്രീഹരിയുടെ സുഹൃത്തുക്കളും ഒപ്പം നിന്നു. ഒട്ടേറെ ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും ശ്രീഹരി ഒരുക്കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗത്തിന് എതിരെ നിര്‍മിച്ച പുക എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.