മോഹൻലാൽ വീണ്ടും വരിക്കാശ്ശേരി മനയിൽ; ഓർമകളിൽ മംഗലശ്ശേരി നീലകണ്ഠന്‍

മലയാള സിനിമയുടെ പ്രിയ ലൊക്കേഷനുകളിലൊന്നാണ് വരിക്കാശ്ശേരി മന. പേരുകേൾക്കുമ്പോൾ തന്നെ അനേകം സിനമകളും കഥാപാത്രങ്ങളും മനസ്സിലേക്ക് ഓടിവരും. ദേവാസുരത്തിലെ 'മംഗലശ്ശേരി നീലകണ്ഠനും' നരസിംഹത്തിലെ 'പൂവള്ളി ഇന്ദുചൂഡനു'മൊക്കെയാണ് പ്രധാനം. ഒരിടവേളയ്ക്കു ശേഷം വരിക്കാശ്ശേരി മനയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

ബി.ഉണ്ണികൃഷ്ണൻ സംവിധായം ചെയ്യുന്ന ചിത്രം ആറാട്ടിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ വരിക്കാശ്ശേരി മനയിലെത്തിയത്. മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മനയുടെ പൂമുഖത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ലാലിന്‍റെ ചിത്രം പങ്കുവച്ചത്. 'മംഗലശ്ശേരി നീലകണ്ഠന്‍' എന്നും കുറിച്ചു. 

'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.