മമ്മൂട്ടി പരിചയപ്പെടുത്തിയ കറി പൗഡർ; കേരളം അറിയണം കാരുണ്യത്തിന്റെ ആ കഥ

ഒരു രൂപ പോലും വാങ്ങാതെ ഒരു ബ്രാൻഡിനെ മമ്മൂട്ടി, മലയാളിക്കും അതിനാെപ്പം ലോകത്തിനും പരിചയപ്പെടുത്തി. ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ കേരളത്തിന്റെ നാവിലുമെത്തി. ‘പ്രിയ പ്രതിഭ’ എന്ന കറി പൊടി ബ്രാൻഡിനെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. പരസ്യ മോഡലായല്ല, മറിച്ച് ഒരു രൂപ പോലും വാങ്ങാതെ തന്നെ കൊണ്ട് കഴിയുന്ന ഒരു ചെറിയ സഹായം എന്നതാകാം പോസ്റ്റ് പങ്കിടുമ്പോൾ മമ്മൂട്ടിയുടെ മനസ്സില്‍. എന്നാൽ ഈ വാക്കുകൾ ആശ്വാസവും പ്രതീക്ഷയും നൽകുന്നത് ആയിരങ്ങൾക്കാണ്. പരസഹായം കൂടാതെ ജീവിക്കാനുള്ള പോരാട്ടത്തിനുള്ള രുചി കൂടിയാണ് മമ്മൂട്ടി പകർന്നത്. 

കറി മസാലകൾ, കറി പൗഡറുകൾ എന്നിങ്ങനെ അടുക്കളയിലേക്ക് വേണ്ടിയുള്ള ചേരുവകളാണ് ‘പ്രിയ പ്രതിഭ’ പുറത്തിറക്കുന്നത്. കച്ചവടത്തിലൂടെ ലാഭം നേടാനോ, കോടികൾ സമ്പാദിക്കാനോ വേണ്ടിയല്ല ഇൗ ഒരുക്കം. മറിച്ച് ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദന ഇല്ലാതാക്കാനുമാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കീഴിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പദ്ധതികളിൽ ഒന്നാണിത്.  ബിഷപ്പ് ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള 16 ജീവകാരുണ്യ പദ്ധതികൾ ഒട്ടേറെ ജീവിതങ്ങൾക്ക് പതിറ്റാണ്ടായി കൈത്താങ്ങാണ്. ഇതിന് ഒരു സ്ഥിര വരുമാനം എന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവട്. അതേ കുറിച്ച് അധികൃതർ പറയുന്നു:

‘ഏകദേശം 16 ജീവകാരുണ്യ പദ്ധതികൾ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിന്റെ കീഴിൽ നടന്നുവരുന്നുണ്ട്. 2002 ലാണ് കറി പൗഡർ നിർമാണം ആരംഭിക്കുന്നത്. ഇതുവരെ ചെറിയ തോതിലായിരുന്നു നിർമാണം. ആവശ്യമനുസരിച്ച് തയാറാക്കി കൊടുക്കുന്നതായിരുന്നു രീതി. ഇതിൽ നിന്നുള്ള വരുമാനം കൊണ്ട് ഭക്ഷണവിതരണവും മറ്റ് ജീവകാരുണ്യപദ്ധതികൾക്കുള്ള തുകയും കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഒട്ടേറെ സഹായങ്ങളും ലഭിച്ചിരുന്നു. എന്നാൽ കൊറോണ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഇതോടെയാണ് കറി പൗഡർ നിർമാണം വിപുലമാക്കി, കേരളമെങ്ങും വിതരണം ചെയ്യാം എന്ന ചിന്ത ഉണ്ടാവുന്നത്. കർഷകരിൽ നിന്നും നേരിട്ട് സ്വീകരിക്കുന്ന ഉൽപ്പന്നങ്ങളാണ് കറി പൗഡർ നിർമാണത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ കർഷകർക്കും ഈ നീക്കം സഹായമാകും..’

മമ്മൂട്ടിയിലേക്ക് എത്തിയ വഴി

കഴിഞ്ഞ വർഷം കാൻസർ രോഗികൾക്ക് വേണ്ടി നടത്തിയ പരിപാടിയുടെ ഭാഗമാകാൻ മമ്മൂട്ടി കോട്ടയത്ത് വന്നിരുന്നു. അന്ന് അദ്ദേഹത്തോട് ഇതേ കുറിച്ചെല്ലാം പറഞ്ഞിരുന്നു. ഈ പുതിയ തീരുമാനം അദ്ദേഹത്തെ അറിയിച്ചപ്പോഴാണ് നിറഞ്ഞ മനസോടെ അദ്ദേഹം പ്രിയ പ്രതിഭയെ കേരളത്തിന് മുന്നിലെത്തിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മാത്രം മതി ഈ ചുവടിന് കരുത്താകാൻ. അത്രമാത്രം സഹായമാണ് അദ്ദേഹത്തിന്റെ വാക്കുകൾ പകരുന്നത്. ഇതിൽ നിന്ന് കിട്ടുന്ന എല്ലാ വരുമാനവും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് മാത്രമാണ് പോകുന്നത്. 

ഒരാഴ്ചക്കുള്ളിൽ  ‘പ്രിയ പ്രതിഭ’ കേരളത്തിലെങ്ങും എത്തും. ഒരുപാട് പേരുടെ വയറും മനസുമാണ് ഈ കറി പൗഡറുകൾ വാങ്ങുന്നതിലൂടെ നിറയുന്നത്. കേരളം ഒപ്പമുണ്ടാകും എന്ന് തന്നെയാണ് വിശ്വാസം. കാരുണ്യം സംശുദ്ധം. ഇതാണ് ‘പ്രിയ പ്രതിഭ’. അധികൃതർ പറയുന്നു.