‘ഷെയിം ഓൺ വിജയ് സേതുപതി’; ട്വിറ്ററിൽ തമിഴ് വികാരം കത്തുന്നു

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസവും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് പരിശീകനുമായ മുത്തയ്യ മുരളീധരന്റെ ബയോപിക്കിനെതിരെ തമിഴ് നാട്ടില്‍ പ്രതിഷേധം. മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്കരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാംപയിനുകള്‍ നടക്കുകയാണ്.  

ഐപിഎല്‍ ആവേശങ്ങള്‍ക്കിടെയാണ് 800 ന്റെ മോഷന്‍ ടീസര്‍ എത്തിയത്. അതും മുത്തയ്യ മുരളീധരന്‍ പരിശീലകനായുള്ള സണ്‍ റൈസേഴ്സ് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മല്‍സരദിവസം. വാശിയേറിയ പോരാട്ടത്തില്‍ ചെന്നൈ, ഹൈദരാബാദിനെ തോല്‍പ്പിച്ചു. അതിനുപിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ മുത്തയ്യ മുരളീധരന്‍റെ ജീവിതം പറയുന്ന സിനിമയ്ക്കെതിരെ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടത്. ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗില്‍ രൂക്ഷവിമര്‍ശനങ്ങളാണ് മുരളീധരനും വിജയ് സേതുപതിക്കുമെതിരെ ഉയരുന്നത്. വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നും മുത്തയ്യ മുരളീധരന്‍ വംശഹത്യ സംഘത്തിലെ അംഗമാണെന്നുംവരെ വിമര്‍ശനമുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാരിന്റേത് തമിഴ് വിരുദ്ധനിലപാടാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴരെ അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടത്തെ പ്രതിനിധീകരിച്ചാണ് മുത്തയ്യ മുരളീധരന്‍ ക്രിക്കറ്റില്‍ മല്‍സരിച്ചത്. അങ്ങനെയുള്ളൊരാളെ ഒരു തമിഴ് താരം തന്നെ സിനിമയില്‍ അവതരിപ്പിക്കുന്നത് തമിഴകത്തിനാകെ അപമാനമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു. അതേസമയം മുത്തയ്യ മുരളീധരനാകാനുള്ള ഒരുക്കത്തിലാണ് വിജയ് സേതുപതി. സിനിമാചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത് അഭിമാനമാണെന്ന് താരം പ്രതികരിച്ചു. വിജയ് സേതുപതിയെ ചിത്രത്തിനുവേണ്ടി മുത്തയ്യ മുരളീധരന്‍ തന്നെയാണ് ക്രിക്കറ്റ് പരിശീലിപ്പിക്കുകയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റെന്ന ചരിത്രനേട്ടത്തിന് ഉടമയാണ് മുരളി. സിനിമയ്ക്ക് 800 എന്ന് പേരിട്ടതും അതുകൊണ്ടാണ്. ഐപിഎല്ലില്‍ പ്ലെ ഓഫ് ഉറപ്പിച്ചിട്ടില്ലാത്ത സണ്‍ റൈസേഴ്സ് ഹൈദരാബാദിന് കോച്ചിനെ കേന്ദ്രീകരിച്ചുള്ള വിവാദം പുതിയ പ്രതിസന്ധിയാകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍.