എന്റെ കല്യാണത്തിന് സില്‍ക്ക് സ്മിത വന്നു; ജനം കൂടി; പള്ളിയിൽ..; ഓർമ

‘പുഴയോരത്തിൽ പൂത്തോണിയെത്തിയില്ല...’ ഈ ഗാനവും ‘അഥർവം’ എന്ന സിനിമയും മലയാളിക്ക് ഏറെ പരിചിതമാണ്. സിൽക്ക് സ്മിതയുടെ സിനിമാജീവിതത്തിൽ അവർക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിൽ മുന്നിലുണ്ടാകും മമ്മൂട്ടി നായകനായ ഈ സിനിമ. മരിച്ച് 24 വർഷം പിന്നിടുമ്പോൾ അഥർവം സിനിമയുടെ നിർമാതാവായ ഈരാളി സ്മിതയെ ഓർക്കുന്നത് ഒരു നടി എന്നതിനും അപ്പുറം നല്ല ഹൃദയത്തിന് ഉടമ എന്ന നിലയിലാണ്.  

‘ഞാൻ പോകപ്പോറെ...ആ പൊയ്ക്കോ.. ഏയ്യ്. എന്നാ ഇപ്പടി സെൽട്രത്. അല്ല താനല്ലേ പോകുന്നു എന്നു പറഞ്ഞത്. പിന്നെ ഞാൻ പിടിച്ചുനിർത്താൻ പറ്റില്ലല്ലോ. നീ പൊയ്ക്കോ എന്റെ സിനിമ നിന്നുപോകും. അതു ഞാൻ സഹിച്ചു. കാറുണ്ട്, അവിടെ മാനേജർ കൊണ്ടാക്കും നീ പൊയ്ക്കോ.. ഉനക്ക് തെരിയുമില്ലേ, ഞാൻ പോകമാട്ടെന്ന്.. അതിനാലേ താനേ നീ ഇപ്പടി സൊൽട്രത്..’ ഈ സംഭാഷണങ്ങൾക്കിടിയിൽ തെളിയുന്ന നല്ല രൂപമാണ്, നല്ല മനസിന്റെ ഉടമയാണ് സിൽക്ക് സ്മിതാ. അഥർവം എന്ന സിനിമയോടും അതിന്റെ അണിയറപ്രവർത്തകരോടും മരണം വരെയും നല്ല ബന്ധം അവർ കാത്തുസൂക്ഷിച്ചിരുന്നു. 

ഒരുപാട് പറയാൻ ഉണ്ട് അവരെ പറ്റി. പൊന്നും വിലയുള്ള താരം. സിൽക്കിന്റെ ഡേറ്റ് കിട്ടാൻ തെന്നിന്ത്യ കാത്തിരിക്കുന്ന ഒരുകാലമുണ്ടായിരുന്നു. അഥർവത്തിന്റെ കഥയും അതിലെ കഥാപാത്രവും പറഞ്ഞപ്പോൾ അവരിൽ എന്തെന്നില്ലാത്ത ഒരു ആവേശമായിരുന്നു. തന്നെ തേടിയെത്തുന്ന പതിവുവേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമായ ഒരു സിനിമ. അത് അവരെ വല്ലാതെ സ്വാധീനിച്ചു. ഷൂട്ടിന് മുൻപ് തന്നെ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ ബുദ്ധിമുട്ടാണ് അവർ. സൂക്ഷിച്ച് ഇടപെടണം. പക്ഷേ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്ഥമായിരുന്നു ആ സെറ്റിൽ സ്മിതാ.

15 ദിവസത്തെ ഡേറ്റാണ് എനിക്ക് നൽകിയിരുന്നത്. എന്നാൽ പിന്നെയും ഷൂട്ട് നീണ്ടു. പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും ദിവസം പതിനായിരം രൂപയ്ക്ക് വീണ്ടും അവർ ഡേറ്റ് തന്നു. എവിഎമ്മിന്റെ ചിത്രം പോലും അവർ അതിനായി ഉപേക്ഷിച്ചു. എന്നാൽ ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ആദ്യം പറഞ്ഞുറപ്പിച്ച തുക അല്ലാതെ ഒരു രൂപപോലും അവർ വാങ്ങിയില്ല. അന്നത്തെ കാലത്ത് ഒരുദിവസം പതിനായിരം രൂപ ലഭിക്കുന്ന താരമെന്നാൽ ചില്ലറ കാര്യമല്ല.  അന്ന് സൂപ്പർതാരങ്ങൾക്ക് മൂന്നുലക്ഷത്തോളമായിരുന്നു പ്രതിഫലം എന്നോർക്കണം. 

സിനിമയ്ക്കൊപ്പം ചേർത്തുവയ്ക്കുന്ന സൗഹൃദം 

എന്റെ കല്യാണത്തിന് പങ്കെടുക്കാൻ ആറു മണിയുടെ വിമാനത്തിൽ അവർ എത്തി. കൊച്ചിയിലെത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം കല്യാണ സമയത്ത് പള്ളിയിലെത്തി. മമ്മൂട്ടി, യേശുദാസ്, ചാരുഹാസൻ, ജഗതി അടക്കമുള്ളവർ പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ വാതിലിനോട് ചേർന്ന് എല്ലാവർക്കും അഭിമുഖമായി നിന്ന് എന്റെ കല്യാണം സ്മിത കണ്ടു. സ്മിത എത്തിയതോടെ പള്ളിയിൽ ജനം കൂടി. എല്ലാവരെക്കാളും പ്രാധാന്യം അവർക്കായി. പിന്നീട് ഭക്ഷണം വിളമ്പാനും അവർ കൂടി. എല്ലാ ചടങ്ങുകളും കഴിഞ്ഞ് വൈകിട്ടാണ് അവർ മടങ്ങിയത്. പിന്നീടും ആ സൗഹൃദം മരണം വരെ അവർ കാത്തുസൂക്ഷിച്ചു.

നല്ല സിനിമക്കായി ദാഹം

നല്ല സിനിമകൾക്കും അവർക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്കും എപ്പോഴും അലയുന്ന താരമായിരുന്നു സ്മിത. അങ്ങനെയാണ് നിർമാതാവിന്റെ വേഷത്തിലും അവർ എത്തിയത്. പക്ഷേ അതെല്ലാം പരാജയപ്പെട്ടു. അവരുടെ സമ്പാദ്യം അങ്ങനെ നശിച്ചു. ഒപ്പം നിന്നവരുടെ ചതി കൂടി ആയപ്പോൾ അവർ ആകെ തളർന്നു. അന്ന് അവരെ ആശ്വസിപ്പിക്കാൻ, ചേർത്തുപിടിക്കാൻ, ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ആത്മഹത്യ ചെയ്യുമായിരുന്നില്ല. 

സിൽക്ക് സ്മിത കടിച്ച ആപ്പിളിന് ലക്ഷങ്ങൾ ലേലം വിളിച്ച ആസ്വാദകരും അവരുടെ ഡേറ്റിനായി കാത്തിരുന്ന സിനിമാലോകവും അവരുടെ മൃതദേഹത്തിന് അർഹിക്കുന്ന ആദരമോ യാത്ര അയപ്പോ നൽകിയില്ല എന്നത് ഇന്നും വേദനിപ്പിക്കുന്ന സത്യമാണ്’ ഈരാളി പറഞ്ഞുനിർത്തി.

സിൽക്കിന്റെ ജീവിതചരിത്രം

ആന്ധാപ്രദേശിലെ എളൂർ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മിക്ക് നാലാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. ഒരു എക്സ്ട്രാ നടിയായാണ് സിനിമയിലെത്തിയത്്. കൗമാരമെത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം കഴിഞ്ഞെങ്കിലും ദാരിദ്ര്യത്തിന് മാറ്റമുണ്ടായില്ല. 

1979ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ ആണ് പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തിയത്. വശ്യമായ കണ്ണുകളും ആരെയും ആകർഷിക്കുന്ന ശരീരവടിവുകളും സിനിമയുടെ മറ്റൊരു ലോകത്തേക്കാണ് അവരെ എത്തിച്ചത്.

1979ലെ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലെ സിൽക്ക് എന്ന കഥാപാത്രത്തിലൂടെ അവർ സിൽക്ക് സ്മിതയായി മാറി. സിലുക്ക് സിലുക്ക് സിലുക്ക് എന്ന പടം കൂടിയായപ്പോൾ സെക്സ് ബോംബ് എന്ന് ടൈപ്പ് ചെയ്യപ്പെട്ട് സിൽക്ക് എന്ന പേരുറച്ചു. 1980കളിൽ ഇത്തരം വേഷങ്ങളിൽ തിരക്കേറിയ നടിയായി മാറിയ സിൽക്ക് തമിഴ് തെലുങ്ക് കന്നഡ, മലയാളം. ഇതിനൊക്കെ പുറമെ ബോളിവുഡിലും വരവറിയിച്ചു. ദക്ഷിണേന്ത്യയിലെ മസാല പടങ്ങളിലെ മാദകറാണിയായി മാറിയ സിൽക്കിന്റെ ഐറ്റം ഡാൻസില്ലാതെ ഒരു ചിത്രവും തിയേറ്റർ കാണില്ലെന്ന സ്ഥിതിയായിരുന്നു അന്ന്. കൗമാരത്തെയും യുവത്വത്തെയും ഹരം കൊള്ളിച്ച സിൽക്കിന്റെ ആട്ടവും പാട്ടും പടവും കാണാൻ എല്ലാ പ്രായവും തിയേറ്ററിലെത്തി. ആ തിളക്കത്തിലും സ്മിതയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല. 

സൂപ്പർനടിമാരേക്കാൾ ഡിമാൻഡുള്ള നല്ല നടിയായി മാറി സിൽക്ക് സ്മിത. ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിരനായകന്മാരുടെ സിനിമകൾ പോലും സിൽക്കിന്റെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം മാറ്റേണ്ടി വന്നു. പത്ത് വർഷം കൊണ്ട് അഞ്ഞൂറിലേറെ ചിത്രങ്ങളിൽ സ്മിത പല രൂപങ്ങളിലും ഭാവങ്ങളിലും വേഷമിട്ടു. പുതിയ ഗ്ലാമർ നർത്തകിമാരുടെ വരവ് സ്മിതയേ സിനിമാ നിർമ്മാണത്തിലേക്ക് കൂടി ശ്രദ്ധ തിരിപ്പിച്ചു. ആദ്യം നിർമ്മിച്ച രണ്ട് ചിത്രങ്ങളും  വമ്പൻ പരാജയങ്ങളായി. മൂന്നാമത്തെ സിനിമയിൽ പ്രതീക്ഷ വച്ചെങ്കിലും 20 കോടിയോളം രൂപ കടത്തിലായതും  പൂർത്തിയാക്കാൻ കഴിയാഞ്ഞതും സ്മിതയെ അങ്ങേയറ്റം വേദനിപ്പിച്ചു.ബോക്സോഫീസിൽ കാര്യമായ ചലനങ്ങളുണ്ടാക്കാത്ത 'സബാഷ്' എന്ന ചിത്രമാണ് സ്മിതയുടേതായി അവസാനമായി റിലീസായത്. പിന്നീട് വന്ന  മിക്ക സിനിമകൾക്കും ഇതേ അവസ്ഥയായി. ഒരു യുവസംവിധായകനുമായി കാത്തു സൂക്ഷിച്ച  പ്രണയം തകർന്നതും സ്മിതയേ നിരാശയുടെ ആഴങ്ങളിലെത്തിച്ചെന്ന് റിപ്പോർട്ടുകൾ വന്നു. 

സിനിമയെന്ന ആൾക്കൂട്ടത്തിൽ സിൽക് സ്മിത തനിച്ചാവുകയായിരുന്നു. ഒരു കൂട്ടം തെന്നിന്ത്യൻ ചിത്രങ്ങളുടെ വിജയമന്ത്രവും തന്ത്രവുമായിരുന്ന താരം  ആ കൂടാരത്തിനു പുറത്തായി. വീണ്ടും തന്റെ ആദ്യകാല ജീവിതത്തിലേക്കും പട്ടിണിയിലേക്കും ചെന്നെത്തുമോ എന്ന് സ്മിത ഭയന്നു കാണും. ഒടുവിൽ 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ  അപ്പാർട്ട്മെന്റിൽ സാരിത്തുമ്പിൽ തീർത്തു ആ ജീവിതം.