ഓഷോയുടെ പൊന്‍കിരീടം ലാലേട്ടന്‍ എന്നെ അണിയിച്ചു; ഹൃദയം തുടിച്ചു; കുറിപ്പ്

രജനീഷ് ഓഷോയോടുള്ള നടന്‍ മോഹന്‍ലാലിന്റെ ആരാധന പ്രസിദ്ധമാണ്. ഓഷോ ആശയങ്ങളോടുള്ള താല്‍പര്യം പല അവസരങ്ങളിലും മോഹന്‍ലാല്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഓഷോയെക്കുറിച്ച് പറയുമ്പോള്‍ ആരുടേയും മനസിലേക്കു വരുന്നത് ആ തൊപ്പി തന്നെയായിരിക്കും.  മോഹൻലാലിനെ നായകനാക്കി ഓഷോയുടെ ജീവിതം സിനിമയാക്കാൻ ഇറ്റാലിയൻ സംവിധായകൻ പദ്ധതിയിട്ടിരുന്നു. മാത്രമല്ല ഓഷോയുടെ ഒരു തൊപ്പി ഈ സംവിധായകൻ തന്നെ മോഹൻലാലിന് സമ്മാനമായും നൽകിയിരുന്നു. ആ തൊപ്പിയുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത്  രാമാനന്ദ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു. 

രാമാനന്ദന്റെ കുറിപ്പ് വായിക്കാം:

‘ഓഷോ തലയിൽ വച്ച് നടന്ന തൊപ്പിയും ലാലേട്ടനും

ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വെച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല.. ഒന്ന് തലയിൽ വെക്കണം ആ പൊൻകിരീടം എന്ന് തോന്നി... വച്ചു... ഹൃദയം തുടിച്ചു പോയി... എന്നാൽ അദ്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്... ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്...

കൊതിച്ചു പോയെങ്കിലും, എന്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്... ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു... ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു.....’–രാമാനന്ദ് കുറിച്ചു.

പാലക്കാട് പെരിങ്ങോട് ആയുര്‍വ്വേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് രാമാനന്ദിന്റെയും മോഹൻലാലിന്റെയും കൂടിച്ചേരൽ. ജയസൂര്യ ചിത്രം ‘കത്തനാരിന്റെ’ തിരക്കഥാകൃത്ത് കൂടിയാണ് രാമാനന്ദ്.