'ഇന്ന് കാലുകളുടെ ദിവസം'; അനശ്വരക്ക് പിന്തുണയുമായി നായികമാർ

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തില്‍ ധരിച്ച വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയെന്ന പേരിൽ അസഭ്യ വർഷം നേരിടേണ്ടി വന്ന നടി അനശ്വര രാജന് പിന്തുണയുമായി മലയാളത്തിലെ നായികമാർ. റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി എന്നിവർ പിന്തുണയുമായി എത്തി. 

സ്വിം സ്യൂട്ടണിഞ്ഞുള്ള ചിത്രമാണ് റിമ കല്ലിങ്കൽ പങ്കുവച്ചത്. കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്.

ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്. കാല് കാണിച്ചുള്ള യോഗ വിഡിയോ പങ്കുവച്ചായിരുന്നു കനിയുടെ പ്രതികരണം. ഇന്ന് കാലുകളുടെ ദിവസം എന്നായിരുന്നു ഈ വിഡിയോയ്ക്ക് റിമയുടെ കമന്റ്.

‘ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്.  ഞാൻ ഇതുപോലെ ഷോർട്സ് ധരിക്കും, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല.’–അഹാന പറഞ്ഞു.

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. ഏറെ വിമർശനം നേരിടേണ്ടി വന്ന അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. "ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ," എന്നായിരുന്നു അനശ്വരയുടെ മറുപടി.