വീണ്ടും ഞെട്ടിച്ച് മലയാളം; ഒറ്റ ഷോട്ടില്‍ 85 മിനിറ്റ് സിനിമ എത്തുന്നു

മലയാള സിനിമ അനിവാര്യമായ മാറ്റത്തിന്റെ വഴിയില്‍ സഞ്ചാരം തുടരുന്നു. ആള്‍ക്കൂട്ടത്തിലെ രണ്ടര മണിക്കൂറോളം പോന്ന ഇരുട്ടിലിരുന്ന്, മുന്നിലെ നീണ്ട സ്ക്രീനിലെ വെളിച്ചം നോക്കി പോപ്പ്കോണ്‍ കൊറിച്ചും കൂകിയും വിസിലടിച്ചും സിനിമ കണ്ടിരുന്ന കാലമൊക്കെ ഇന്ന് ഓര്‍മകളായി മാറിയിരിക്കുന്നു. സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറിയപ്പോള്‍ മുതല്‍ സിനിമാ ചിത്രീകരണങ്ങളും നിരന്തരം മാറ്റത്തിന് വിധേയമാകുകയാണ്.

കോവിഡ് പ്രേട്ടോക്കോള്‍ പ്രകാരം നിര്‍മിച്ച മലയാള സിനിമയെ മറ്റൊരു തലത്തിലേക്കെത്തിച്ച മഹേഷ് നാരായണന്‍റെ സീ യു സൂണ്‍ ഇറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഒറ്റ ഷോട്ടില്‍ ഒരു സിനിമ എന്ന ആശയവുമായി മറ്റൊരു പരീക്ഷണത്തിന് മുതിരുകയാണ് ഡോണ്‍ പാലാത്തറ എന്ന യുവ സംവിധായകന്‍. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്നുപേരിട്ട സിനിമയ്ക്ക്
85 മിനിറ്റാണ് ദൈര്‍ഘ്യം.

ഒരു കാറിനുളളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ഒറ്റ ഷോട്ടില്‍ ചെയതിരിക്കുന്നതെന്ന് സംവിധായകന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. റിമ കല്ലിങ്ങലും ജിതിന്‍ പുത്തഞ്ചേരിയും വേഷമിടുന്ന ചിത്രം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.