ആ ട്രോൾ ബേസിലിനും വിനീതിനും അയച്ചു; ‘നല്ലവനല്ല’, അങ്ങനെ വില്ലനായി: അജു

അമ്പരപ്പിക്കുന്നതാണ് അജു വര്‍ഗീസ് എന്ന അഭിനേതാവിന്‍റെ മാറ്റം. ചിരിയുടെ പതിവാവര്‍ത്തനങ്ങളില്‍ പാര്‍ത്ത അജു സമീപകാല മലയാള സിനിമയിലെ അതിശയിപ്പിക്കുന്ന ഭാവമാറ്റങ്ങളില്‍ ഒന്നാകുകയാണ്. കുറേ വർഷങ്ങളായി മലയാള സിനിമയിലെ ചിരിക്ക് പകരവാക്കായിരുന്നു അജുവിന്‍റേത്. കമലയും ഹെലനും സാജന്‍ ബേക്കറിയും ഇപ്പോള്‍ മിന്നല്‍ മുരളിയും മേപ്പടിയാനും ഒരു താത്വിക അവലോകനവും കഴിഞ്ഞ് ‘ഹൃദയ’ത്തില്‍ വരെ ഭാവങ്ങളില്‍ ‘ഫ്രഷ്നസ്’ അനുഭവിപ്പിക്കുന്നു ഈ യുവനടന്‍.  മലർവാടിയിൽ തുടങ്ങി ഹൃദയത്തിലെത്തി നിൽക്കുന്ന വിനീത് ശ്രീനിവാസനൊപ്പം താങ്ങായും തണലായും അജുവുമുണ്ട്. സിനിമാ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് അജു മനോരമ ന്യൂസ് ഡോട് കോമിനൊപ്പം ചേരുന്നു.

അജു വർഗീസ് തമാശ പറയുന്നത് നിർത്തിയോ?

അതിനുവേണ്ടി മാത്രം മുന്നേയും ഇപ്പോഴും ശ്രമിച്ചിട്ടില്ല. എപ്പോഴും ബാലൻസ്ഡ് ആകാനാണ് ആ​ഗ്രഹിച്ചിട്ടുള്ളത്. സത്യസന്ധമായും ആത്മാർഥമായും ആ​ഗ്രഹിക്കുന്നതും അതിനാണ്.

മിന്നൽ മുരളി, മേപ്പടിയാൻ, ഹൃദയം. മൂന്നു സിനിമകളും ഹിറ്റ്. അജു ഭാഗ്യതാരം ആയോ?

എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണ്. കോവിഡ് കാരണമാണ് ഈ മൂന്ന് റിലീസുകളും ഒന്നിന് പിന്നാലെ എത്തിയത്. മൂന്നല്ല. നാലുണ്ട്. ഒരു താത്വിക അവലോകനം എന്ന സിനിമ. മാസങ്ങളും വർഷങ്ങളും ‌ആയി കാത്തിരിക്കുന്ന ഞങ്ങളുടെ ഈ സിനിമകൾ വിജയിച്ചു എന്നതിനെക്കാൾ റിലീസായതിലാണ് സന്തോഷം.  സർവശക്തനായ ദൈവത്തിന് നന്ദി.

ലോക്ഡൗൺ അജുവിനെ മാറ്റിയോ? പുതിയ സിനിമകളിലൊക്കെ സീരിയസ് ആണല്ലോ?

ലോക്ഡൗണിന് ശേഷം എന്ന് പറയാനാകില്ല. അതിന് മുമ്പെത്തിയ ചില സിനിമകളിലും അങ്ങനെയായിരുന്നു. കാരണം ഞാൻ കുറച്ചു കൂടി സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കാൻ തുടങ്ങി. മുമ്പ് അങ്ങനെയായിരുന്നില്ല. അതാണ് എനിക്ക് തോന്നുന്ന വ്യക്തമായ വ്യത്യാസം.

മിന്നൽ മുരളിയിലെ പോത്തനെ ജഗതി ചേട്ടനോട് വരെ ഉപമിച്ചു പ്രേക്ഷകര്‍. എന്താണ് തോന്നിയത്?

ഇങ്ങനെ കാര്യങ്ങൾ കേൾക്കുന്നത് എനിക്ക് ടെൻഷൻ ആണ്‌. അത് ഓരോരുത്തരുടെ കാഴച്ചപ്പാടല്ലേ. സന്തോഷം.

മേപ്പടിയാനിലും തികഞ്ഞ വില്ലൻ എന്നു പറയാം. ദുഷ്ടത്തരം ഇത്രയൊക്കെ പറ്റുന്ന ആളാണോ?

നല്ലവൻ അല്ല..!(ചിരി)

വിനീത് ശ്രീനിവാസന് ഒപ്പം കൂടിയിട്ട് 11 വർഷം ആ ഒരു അനുഭവം. നിങ്ങളുടെ സൗഹൃദം. അതേകുറിച്ച് പറയാമോ?

കൂടെ കൂടിയിട്ട് ഇത് 12-ാം വർഷം. 19 വയസ്സുമുതൽ എനിക്ക് വിനീതിനെ അറിയാം. അന്ന് മുതൽ എന്റെ നല്ല സുഹൃത്തും വളരെ സിംപിൾ ആയ ഒരു മനുഷ്യനുമാണ് അദ്ദേഹം. അതിന് ഒരു മാറ്റവും വന്നിട്ടില്ല. മാത്രമല്ല അദ്ഭുതപ്പെടുത്തുന്ന ഒരു മെന്ററുമാണ് വിനീത്. എന്റെ പ്രൊഫഷനൽ ജീവതത്തിൽ മികച്ച ഉപദേഷ്ടാക്കളെ കിട്ടി എന്നതാണ് എന്റെ ഭാ​ഗ്യം. സിനിമയിലെത്തും മുമ്പുള്ള കോർപ്പറേറ്റ് ജീവിതത്തിൽ മഹേഷും സിനിമയിൽ വിനീതും. 

ട്രോളുകൾ ആസ്വദിക്കുന്ന ആളാണ്. സെൽഫ് ട്രോളുകൾ പലതും പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ വലിയൊരു ഫാൻ ബേസ് ഉണ്ടാക്കി തരാൻ സഹായിച്ചിട്ടുണ്ടല്ലേ?

അങ്ങനെ ചിന്തിച്ചിട്ടില്ല. ഉണ്ടായിട്ടുണ്ടാകാം. അറിയില്ല. ഞാൻ ആസ്വദിച്ചതൊക്കെയാണ് പങ്കുവെച്ചത്. .എല്ലാമൊന്നും ശരിക്കും പങ്കുവെച്ചിട്ടില്ല. ട്രോളുകൾ സ്ട്രസ് ബസ്റ്ററാണ്. കലാപരമായ ആശയം അത്രയും മിനിമലായി അവതരിപ്പിക്കാൻ കഴിവുള്ളവർക്കേ സാധിക്കുകയുള്ളൂ. ഞാൻ ആ കഴിവിന്റെ ആരാധകനാണ്. 

വിനീത്- നിവിൻപോളി, ബേസിൽ-ടോവിനോ. അവസരം കാത്തു നിൽക്കുന്ന അജു. ആ  ട്രോളുകൾ കണ്ടിരുന്നോ? 

ഞാൻ അത് കണ്ടു. എനിക്ക് ഓൺലൈൻ പ്രമോഷൻ ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരത് പങ്കുവെച്ചിരുന്നു. ഞാൻ അത് കാണാത്തവർക്ക് അയച്ചുകൊടുത്തു. ബേസിലിനും വിനീതിനുമെല്ലാം ഞാനയച്ചു കൊടുത്തു. അത് കാണുമ്പോൾ തന്നെ ചിരി വരുമല്ലോ. അത് നല്ലതല്ലേ. ഈ കാലത്ത് ചിരിക്കാനുള്ള കാരണങ്ങളെല്ലാം നല്ലതല്ലേ. 

അജുവിന് ഒപ്പം വന്നവരൊക്കെ പിന്നീട് വലിയ താരങ്ങളായി. പ്രണവിനെ കുറിച്ചുള്ള പ്രതീക്ഷകൾ എങ്ങനെയാണ്?

ഞാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.  ഹൃദയത്തിൽ എനിക്ക് ഒരുപാട് ഇഷ്ടമായി. സഹപ്രവർത്തകരിൽ നിന്ന് അദ്ദേഹത്തെക്കുറിച്ച് ഒരുപാട് നല്ല വാക്കുകൾ കേട്ടു. പക്ഷേ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കുറച്ച് ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. 

അജു സ്വന്തം സിനിമ മാത്രമല്ല, മറ്റുള്ളവരുടെ സിനിമകളും പ്രോത്സാഹിപ്പിക്കുന്ന ഒരാളാണെന്ന്. ഒരു വലിയ മനസ്സിന് ഉടമയാണ് അല്ലേ?

ഒട്ടും അല്ല (ചിരി). നമ്മുടെ ഉൽപ്പന്നം പ്രദർശിപ്പിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ഇടമാണ് സോഷ്യൽ മീഡിയ. അതുകൊണ്ട് ഒരു സഹവർത്തിത്വത്തിൽ അങ്ങനെ പോകുന്നു. 

നായകനായ ഒരു സിനിമ നമ്മൾ എല്ലാരും കണ്ടു. കമല. ഇനി നായകൻ ആയിട്ട് കാണുമോ? 

വ്യക്തിപരമായി എനിക്ക് ഞാനൊരു നായകനാകാൻ പറ്റിയ ആളാണെന്ന് തോന്നാത്തതിനാൽ മനഃപൂർവം അങ്ങനെ ഒന്ന് ഉണ്ടാകില്ല. പക്ഷേ സാഹചര്യം അനുകൂലമായാൽ സംഭവിക്കാം.

അജുവിനെക്കാൾ ആരാധകരുണ്ട് മക്കൾക്ക്. നാലുപേരും എന്തുപറയുന്നു.  അവരുടെ വിശേഷങ്ങൾ എന്തെല്ലാമാണ് ?

അവർ സുഖമായി ഇരിക്കുന്നു. ഓൺലൈൻ ക്ലാസുകളും കളികളുമൊക്കെയായി പോകുന്നു..!