പുകയൂതി റിമ; ഫോട്ടോഷൂട്ടിനെതിരെ സൈബർ ആക്രമണം; പ്രതികരിക്കാതെ താരം

സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ ചിലപ്പോഴൊക്കെ വിമർശനങ്ങളിലേക്കും കൂടി സൂം ചെയ്യാറുണ്ട്. പ്രത്യേകിച്ചും നടിമാരുടെ ഫോട്ടോഷൂട്ട്. ചിലർ ഫോട്ടോഷൂട്ടിലൂടെ ശരീരപ്രദർശനം നടത്തുന്നെന്നാണ് സാധാരണയായി ഉയരുന്ന വിമർശനം. എന്നാൽ നടി റിമ കല്ലിങ്കൽ പുക വലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതാണ് വിമർശനത്തിനിടയാക്കിയത്. 

ചിത്രങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നു ഒരു വിഭാഗം ആളുകൾ പറയുന്നു. പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികൾ ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ അത് മറ്റുള്ളവർക്ക് അനുകരിക്കാൻ പ്രചോദനമാകുമെന്നുമാണ് വിമർശനം.  സമൂഹം ഇപ്പോൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളായ മുല്ലപ്പെരിയാർ വിഷയത്തിലോ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയുടെ വിഷയത്തിലോ റിമ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും വിമർശകർ പറയുന്നു.

ഇക്കാര്യങ്ങളിൽ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തുഗുണം എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങൾ പുക വലിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകൾ ചെയ്യുമ്പോൾ അതെങ്ങനെ മോശമാകുന്നുവെന്നും ഇവർ ചോദിക്കുന്നു.  ഈ കമന്റുകൾക്കൊന്നും താരം മറുപടി നൽകിയിട്ടില്ല.

വൈൽഡ് ജസ്റ്റിസ് എന്ന ഹാഷ്ടാഗോടെയാണ് ‘ദുഃഖത്തിന്റെ വിവിധ ഭാവങ്ങൾ’ എന്ന ടൈറ്റിലിൽ ഒൻപതു മനോഹര ചിത്രങ്ങൾ റിമ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്.  ദുഃഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും അടിക്കുറിപ്പായി പറയുന്നു.