മണിയറയിലെ അശോകനിൽ ദുൽഖറും; കൗതുകം ബാക്കി; ഓണറിലീസ്

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന മണിയറയിലെ അശോകൻ ട്രെയിലർ ശ്രദ്ധ നേടുന്നു.

നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് മണിയറയിലെ അശോകൻ. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസിനെത്തും.

ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുൽഖർ സല്‍മാൻ, അനു സിത്താര എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം പ്രേക്ഷകർക്കിടയിൽ ഹിറ്റായിക്കഴിഞ്ഞു.