മലപ്പുറത്തിന് എന്റെ അഭിവാദ്യം; ഉറ്റവരുടെ വേദനയിൽ പങ്കുചേരുന്നു; സൂര്യ

മലപ്പുറത്തെ ജനതയ്ക്ക് അഭിവാദ്യമർപ്പിച്ച് നടൻ സൂര്യ. മലപ്പുറത്തിന്റെ നന്മയ്ക്ക് ആദരമർപ്പിക്കുന്നുവെന്ന് ഫെയ്സ്ബുക്കിലാണ് സൂര്യ കുറിച്ചത്. ഇതോടൊപ്പം വിമാനപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും ആദരമർപ്പിച്ചിട്ടുണ്ട്. ഉറ്റവരെ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൂര്യ കുറിച്ചു.

കോവിഡും മഴയുമൊന്നും നോക്കാതെ അപകടസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തിന്റെ നല്ല മനസിനെ നിരവധിപ്പേരാണ് വാഴ്ത്തിയത്. യാത്രക്കാരെ രക്ഷിക്കുന്നതിനായിരുന്നു മുൻഗണന. കൊറോണ വൈറസിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. പ്രദേശവാസികളുടെ ഓട്ടോറിക്ഷ, കാറ്, ജീപ്പ് തുടങ്ങിയ സ്വകാര്യ വാഹനങ്ങളിലാണു കൂടുതൽ പേരെയും ആശുപത്രികളിലേക്ക് മാറ്റിയത്. 190 പേരുമായി ദുബായിൽ നിന്നുള്ള വിമാനം വെള്ളിയാഴ്ച രാത്രിയാണു കനത്ത മഴയിൽ ലാൻഡിങ്ങിനിടെ റൺവേയിൽനിന്നു തെറിച്ച് 35 അടി താഴേക്കു വീണത്.