അങ്ങയെ പരിചയമുണ്ടെന്നതില്‍ അഭിമാനം; സാഠെയെ അനുസ്മരിച്ച് പൃഥ്വിരാജ്

തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ഡി വി സാഠെയെന്ന് നടൻ പൃഥ്വിരാജ്. 'റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍' പൃഥ്വിരാജ്  പൈലറ്റ് സാഠേയെ അനുസ്മരിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെയുടെ പ്രവർത്തന മികവാണ് ദുരന്തത്തിന്റെ ആഴം കുറച്ചതെന്നു വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.  സഹപൈലറ്റ് അഖിലേഷ് കുമാറും ദുരന്തത്തിൽ മരിച്ചു. റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ  വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് വൻ ദുരന്തമുണ്ടായതെന്നാണ് സൂചന.

ടേബിള്‍ ടോപ്പ് റണ്‍വേയാണ് കരിപ്പൂരിലേത്. മലകള്‍ക്കിടയില്‍ നിര്‍മിക്കുന്ന വിമാനത്താവളങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.  ഇത്തരം എയര്‍പോര്‍ട്ടുകളില്‍ വിഷ്വല്‍ കണ്‍ട്രോളിങ്ങാണ് പൊതുവെ പൈലറ്റുമാര്‍ അവലംബിക്കുന്നത്. മുന്നിലെ കാഴ്ച മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് പ്രതികൂല സാഹചര്യമായിരിക്കും ലാന്‍ഡിങ് സമയത്ത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി. സാഠെ മുൻ വ്യോമസേനാംഗമാണ്. സേനയിൽ യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്നു പാസായ അദ്ദേഹം 1981 ജൂൺ 11നു സേനയിൽ ചേർന്നു.