വാക്ക് പാലിച്ച് കമൽ; ഇന്ത്യൻ 2 സെറ്റിൽ മരിച്ചവർക്ക് ഒരു കോടി ധനസഹായം

ഇന്ത്യന്‍ 2 സെറ്റില്‍ നടന്ന അപകടത്തിൽ മരിച്ച മൂന്ന് സിനിമാപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകി കമൽഹാസൻ. മരണമടഞ്ഞവരുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് അപകടം നടന്ന അന്നുതന്നെ നടന്‍ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വാക്ക് പാലിച്ചുകൊണ്ട് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം ലഭ്യമാക്കിയിരിക്കുകയാണ് കമലും ശങ്കറും ചിത്രത്തിന്‍റെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷന്‍സും. 

ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) പ്രസിഡന്‍റ് ആര്‍ കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്കായി നാല് കോടി രൂപ കൈമാറിയത്.

ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്താണ് ഫെബ്രുവരി 19ന് അപകടമുണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിന്‍ പൊട്ടിവീഴുകയായിരുന്നു. സഹസംവിധായകരായ മനു, കൃഷ്‍ണ എന്നിവരും ഷൂട്ടിങ് സെറ്റിലെ സഹായിയായിരുന്ന ചന്ദ്രനുമാണ് മരിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് കമല്‍ഹാസന്‍ അന്ന് ഒരു കോടിയുടെ സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി സിനിമാസെറ്റുകളില്‍ സംഭവിക്കുന്ന പരിക്കുകളുടെ വേദന തനിക്ക് അറിയാമെന്നും കരിയറില്‍ പലതവണ അത്തരം സംഭവങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കമല്‍ പറഞ്ഞിരുന്നു. 'സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ഞാനും സംവിധായകനും അപകടത്തില്‍നിന്ന് രക്ഷപെട്ടത്. അതല്ലായിരുന്നുവെങ്കില്‍ എനിക്ക് പകരം മറ്റൊരാള്‍ ആയിരുന്നേനെ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുക', കമല്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.