സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ചിരിച്ചുകൊണ്ടു പിന്തുണ; കമല്‍ഹാസനെതിരെ തമിഴ്നാട്ടില്‍ രോഷം

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് ചിരിച്ചുകൊണ്ടു പിന്തുണച്ച കമല്‍ഹാസനെതിരെ തമിഴ്നാട്ടില്‍ രോഷം. റിയാല്‍റ്റി ഷോ ബിഗ്ബോസിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡിലാണ് മല്‍സരാര്‍ഥി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയപ്പോള്‍ ഉലകനായകന്‍ ചിരിച്ചത്. 

മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസന് ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നത് എങ്ങിനെയാണെന്നാണ്  സമൂഹമാധ്യമങ്ങള്‍ രോഷത്തോടെ ചോദിക്കുന്നത്. തുടക്കം മുതല്‍ വിവാദങ്ങളുടെ അകമ്പടിയുള്ള  ബിഗ്്ബോസ് തമിഴിന്റെ അവാസന എപ്പിസോഡാണ് ഉലകനായകനെ കുടുക്കിയത്. മല്‍സരാര്‍ഥിയായ  നടന്‍ ശരവണന്‍ കോളജ് പഠനകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാനായി മാത്രം ബസില്‍ കയറാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയപ്പോഴായിരുന്നു ഉലകനായകന്റെ  ചിരി.

മല്‍സരാര്‍ഥികളായ മീരാ മിഥുന്‍, ചേരന്‍ എന്നിവര്‍ തമ്മില്‍ നടന്ന വാക്‌പോരില്‍ അവതാരകന്‍ ഇടപെടുന്നതിനിടെയായിരുന്നു വിവാദ സംഭാഷണം.  ശരവണനെയും കമല്‍ഹാസനെയും പരിപാടി സംപേക്ഷണം ചെയ്ത ചാനലിനെയും രൂക്ഷമായി വിമര്‍ശിച്ചു ഗായിക ചിന്‍മയി ട്വീറ്റ് ചെയ്തതു വൈറലായി.