ജീവൻ പോലും അപകടത്തിലായി; ക്ഷീണിച്ച് അവശനായിരുന്നു; നജീബായ കഥ പറഞ്ഞ് പൃഥ്വി

ആടുജീവിതത്തിലെ നജീബിൽ നിന്ന് പൃഥ്വി പഴയ പൃഥ്വിയാവുകയാണ്. ക്വാറന്റീൻ റൂമിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവച്ചാണ് പൃഥ്വി ഓജസുള്ള പുതിയ ചിത്രം പുറത്ത് വിട്ടത്. ഷൂട്ടിന്റെ നിർണായക ഘട്ടം പൂർത്തിയാക്കി ഒരു മാസമായതോടെ സുരക്ഷിതമായ ശരീരഭാരത്തിലേക്ക് താൻ എത്തിയെന്നും താരം കുറിച്ചു. പൃഥ്വിയുടെ കുറിപ്പിങ്ങനെ...

ആടുജീവിതത്തിനായി ഷർട്ടിടാത്ത രംഗങ്ങൾ ചിത്രീകരിച്ച് പൂർത്തിയാക്കിയിട്ട് ഇന്ന് ഒരു മാസം. ഷൂട്ടിന്റെ അവസാന ദിവസം ഫാറ്റും വിസറൽ ഫാറ്റും അപകടകരമാം വിധം താഴ്ന്നാണ് നിന്നത്. ഒരു മാസത്തെ വിശ്രമവും പരിശീലനവും കൊണ്ട് ആ അവസ്ഥ മറികടന്നു. അങ്ങേയറ്റം ക്ഷീണിതനായി എന്നെ കണ്ടിട്ടുള്ള എന്റെ ടീമംഗങ്ങൾക്ക് ഈ ചിത്രം വലിയ അദ്ഭുതമാകും. ശരീരത്തിന് ആവശ്യമായ ഭാരത്തെക്കാളും ഒരുപാട് കുറവായിരുന്നു അന്നെനിക്ക്. അത് മനസിലാക്കി ക്ഷീണം മാറ്റാൻ സമയം തന്ന്  ചിത്രീകരണം അതിനനുസരിച്ച് ക്രമീകരിച്ചതിനും  ബ്ലസി ചേട്ടനും എന്റെ ടീമിനും പരിശീലകനും ന്യൂട്രീഷ്യനിസ്റ്റുമായ അജിത്ത് ബാബുചേട്ടനും നന്ദി. ഓർക്കണം, ശരീരത്തിനെ പരിമിതിയുള്ളൂ, മനസിന് അതില്ല. 

കുറിപ്പിൽ ദുൽഖറിനെയും പൃഥ്വി ടാഗ് ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിയും. 

 ആടുജീവിതത്തിന്റെ ജോർദനിലെ ചിത്രീകരണത്തിന് ശേഷം മേയ് 22 നാണ് പൃഥ്വിയും സംഘവും മടങ്ങിയെത്തിയത്. ഫോർട്ട്കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് പൃഥ്വിയിപ്പോൾ.