മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ചു; കാരണം ‍ഞെട്ടിക്കുന്നതെന്ന് അജു വർഗീസ്; പ്രതിഷേധം

ടൊവിനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റാണ് പൊളിച്ചതെന്ന സംഘടനയുടെ ഭാരവാഹി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം

നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ.’ ഫെയ്സ്ബുക്കിൽ കുറിച്ചു. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നൽ മുരളി.

അജുവിന്റെ കുറിപ്പ്: ‘മിന്നൽ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങൾ മുടക്കി ഒരു നിർമാതാവും പ്രൊഡക്ഷൻ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേർന്നു കഴിഞ്ഞ മാർച്ചിൽ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോൺ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതും. എങ്ങനെ തോന്നുന്നു.