‘ഉള്ളില്‍ തട്ടും ആ വിളി’; വികാരവായ്പോടെ മമ്മൂട്ടി: ഹൃദയംതൊടും വിഡിയോ

മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാളില്‍ ഹൃദ്യ വിഡ‍ിയോയുമായി മമ്മൂട്ടിയുടെ ആശംസ. വികാര നിര്‍ഭരമായ വാക്കുകളിലാണ് വിഡിയോ. ഇരുവരും തമ്മിലുള്ള അടുപ്പവും ഊഷ്മളതയും വ്യക്തം. 

‘ഇന്ന് ലാലിന്റെ പിറന്നാളാണ്. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യമായി കാണുന്നത്. 39 വർഷം നീണ്ട പരിചയം ഇന്നിതാ ഇവിടെ എത്തി നിൽക്കുന്നു. എന്റെ സഹോദരങ്ങൾ എന്നെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. അതേ പേര് തന്നെയാണ് ലാലും എന്നെ വിളിക്കുന്നത്. മറ്റാര് ഇച്ചാക്ക എന്ന് വിളിക്കുന്നതിലും സന്തോഷം തോന്നിയിട്ടുള്ളത് ലാലിന്റെ വിളിയിലാണ്. ഒരു പ്രത്യേകസുഖമാണ് ആ വിളിക്ക്, എന്റെ സഹോദരൻ വിളിക്കുന്നത് പോലെ തന്നെ തോന്നും. 

സിനിമയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പേരാണ്. സിനിമയോട് ഗൗരവമേറിയ സമീപനമായിരുന്നെങ്കിലും ജീവിതത്തിൽ ഞങ്ങൾ കോളജ് വിദ്യാർഥികളെപ്പോലെ കളിച്ചും തമാശപറഞ്ഞുമാണ് കഴിയുന്നത്. പരീക്ഷയ്ക്ക് മാത്രം പഠിക്കുന്ന വിദ്യാർഥികളെ പോലെ തൊഴിലിനെ ഏറെ ഗൗരവത്തോടെയാണ് ഞങ്ങൾ രണ്ടുപേരും കണ്ടിരുന്നത്. ആ പരീക്ഷകളിൽ സാമാന്യം നല്ല മാർക്ക് കിട്ടിയതുകൊണ്ടാണ് ഇപ്പോഴും ജനങ്ങൾ സ്നേഹിക്കുന്നത്. 

ഒരുമിച്ചുള്ളത് വളരെ നീണ്ടയൊരു യാത്രയാണ്. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും നേരിട്ട് കാണുമ്പോൾ ഐസുപോലെ അലിഞ്ഞില്ലാതാകുന്ന ഒരുപാട് സന്ദർഭങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്റെ മകന്റെയും മകളുടെയും വിവാഹം സ്വന്തം വീട്ടിലെ വിവാഹം പോലെ മുന്നിൽ നിന്ന് നടത്തി തന്നു. അപ്പു ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് എന്റെ വീട്ടിലെത്തി. അനുഗ്രഹവും ആശിർവാദവും വാങ്ങി. സിനിമയ്ക്കപ്പുറത്തേക്ക് ഞങ്ങളുടെ സ്നേഹവും സൗഹൃദവും വളർന്നു. നമ്മുടെ യാത്രയിലെ ഇനിയും മറന്നുകൂടാത്ത എത്രയോ സംഭവങ്ങൾ. ഈ യാത്ര നമുക്ക് തുടരാം. പുഴ ഒഴുകുന്നത് പോലെ, കാറ്റ് വീശുന്നത് പോലെയുള്ള യാത്ര തുടരാം. 

നമ്മുടെ ജീവിതപാഠങ്ങൾ പിന്നാലെ വരുന്നവർക്കും അറിഞ്ഞ് മനസിലാക്കാന്‍ അവസരമുണ്ടാകട്ടെ. ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമയിലെ മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ– മമ്മൂട്ടി വികാരവായ്പോടെ പറഞ്ഞു നിര്‍ത്തി.