ബിഗ്ബിയിൽ പൊട്ടിത്തെറിച്ച് വന്ന കാറിന്റെ ഭാഗം; സിനിമയിലെ അപകടങ്ങൾ; ചിരികൾ കുറിപ്പ്

ലോക്ക് ഡൗൺ കാലത്തെകൂടുതാൽ ആളുകളുടേയും  പ്രധാന വിനോദം സിനിമകാണലും പിന്നീട് അത് ഇഴകീറി പരിശോധിക്കലുമാണ്. സിനിമകളിൽ അറിഞ്ഞും അറിയാതെ സംഭവിക്കുന്ന പിഴവുകളെ ചൂണ്ടിക്കാട്ടാനും അതിന്റെ തന്നെ ഒരു പരമ്പര തയാറാക്കാനും ശ്രമിക്കുകയാണ് ചില ചെറുപ്പക്കാർ. 

ഒരു പ്രമുഖ സിനിമാഗ്രൂപ്പിൽ ജിതിൻ ഗിരീഷ് എന്ന ആസ്വാദകനാണ് സിനിമയിലെ അബദ്ധങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. രണ്ടു സിനിമകളിലെ രണ്ടു രംഗങ്ങൾ പങ്കു വച്ചു കൊണ്ട് അദ്ദേഹം എഴുതിയത് ഇങ്ങനെ. ‘ആദ്യത്തെ ചിത്രം, തെമ്മാ തെമ്മാ തെമ്മാടി കാറ്റെ എന്ന ഗാന രംഗം ആണ്. 

നായിക ചുവട് തെറ്റി വീഴാൻ പോകുമ്പോൾ ജൂനിയർ ആർട്ടിസ്റ്റ് രക്ഷിക്കുന്ന സീൻ. ഇത് ഒറിജിനൽ ആയി സംഭവിച്ച ശേഷം ഒഴിവക്കാതെ ഉൾപ്പെടുത്തുക ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. രണ്ടാമത്തെ ചിത്രം എല്ലാവർക്കും സുപരിചിതം ആയിരിക്കും. ചതിക്കാത്ത ചന്തുവിൽ സലിം കുമാർ തകർത്തിട്ട്‌ പോയ ശേഷം ഉള്ള ജയസൂര്യയുടെ റിയക്ഷൻ ആണ്. ഇത് ശരിക്കും ചിരി വന്നിട്ട് അത് മറയ്ക്കാൻ ഇങ്ങനെ ഒരു റിയാക്ഷൻ ആയി പോയതാണ് എന്ന് ജയസൂര്യ പറഞ്ഞിട്ടുണ്ട്. ബിഗ് ബി യില് കാറിന്റെ ഒരു ഭാഗം പൊട്ടി തെറിച്ച് മമ്മൂട്ടിയുടെ അടുത്ത് കൂടി പോകുന്ന   രംഗം ഒറിജിനൽ ആയിരുന്നു എന്ന് കേട്ടിരുന്നു.

ഇത് പോലെ ടേക്കിൽ വന്ന തെറ്റുകൾ പിന്നീട് ഒഴിവാക്കാതെ സിനിമയിൽ ഉപയോഗിച്ചതായി അറിയാവുന്ന രംഗങ്ങൾ കോർക്കാൻ ഉള്ള കയർ.’

ഇൗ ‘കയറിൽ’ പിന്നീട് കുരുങ്ങിയത് നിരവധി സിനിമകളും രംഗങ്ങളുമാണ്. കല്യാണരാമനിലെ ദിലീപിന്റെ ചിരി, അനിയത്തിപ്രാവിലെ ചാക്കോച്ചന്റെ ചിരി, അഗ്നിദേവനിലെ രേവതിയുടെ വീഴ്ച, ചാപ്പാക്കുരിശിലെ ഫഹദിന്റെ വീഴ്ച തുടങ്ങി സിനിമാപ്രേമികൾ ഇത്തരത്തിലുള്ള നിരവധി രംഗങ്ങൾ കണ്ടെത്തി. പലതും പലർക്കും ആദ്യത്തെ അറിവുകളായിരുന്നു. ചിലരാകട്ടെ മലയാളം വിട്ട് അന്യഭാഷാ സിനിമകളിലെ അബദ്ധങ്ങളും എന്തിന് ഹോളിവുഡ് സിനിമയിലെ വരെ പാകപ്പിഴകൾ കണ്ടെത്തുകയും ചെയ്തു. ഇപ്പോഴും സജീവമായി ഇൗ ചർച്ച മുന്നോട്ടു പോവുകയാണെന്നതാണ് ഏറ്റവും രസകരമായ കാര്യം.