ഡ്രൈവ് ഇൻ സിനിമ; മാളിൽ കാറിലിരുന്ന വലിയ സ്ക്രീനിൽ കോവിഡ് കാലത്തെ സിനിമ അനുഭവം

കോവിഡ് കാലത്ത് കാറിലിരുന്ന് വലിയ സ്ക്രീനിൽ സിനിമ കാണാനുള്ള സംവിധാനം ഒരുക്കി വോക്സ് സിനിമാസ്. എമിറേറ്റ്സ് മാളിന്റെ റൂഫ് ടോപ്പിൽ പാർക്കിങ് സ്ഥലമാണ് വൻ തിയറ്ററാക്കി മാറ്റിയത്. 75 കാറുകൾ പാർക്ക് ചെയ്ത് അതിൽ രണ്ടുപേർക്കിരുന്ന് വലിയ സ്ക്രീനിൽ സിനിമ കാണാം. നാളെ മുതൽ ഇത് ആരംഭിക്കും.

രാത്രി 7.30നാണ് ഷോ.180 ദിർഹവും വാറ്റുമാണ് തുക. പോപ് കോൺ, സോഫ്റ്റ് ഡ്രിങ്ക്സ്, കുടിവെള്ളം ഇവ ഇതിനൊപ്പം ലഭിക്കും. 60 വയസ്സ് കഴിഞ്ഞവരെയും 12 വയസ്സ് തികയാത്തവരെയും മാളിൽ പ്രവേശിപ്പിക്കില്ല. വോക്സിന്റെ വെബ്സൈറ്റിലും ആപ്പിലും ടിക്കറ്റ് ലഭിക്കും. ഇതിന്റെ ക്യൂ ആർ കോഡ് കവാടത്തിൽ സ്കാൻ ചെയ്ത് റൂഫ് ടോപ്പിലേക്ക് പ്രവേശിക്കാം.

പ്രദർശനത്തിലൂടെ ലഭിക്കുന്ന തുക ഒരു കോടി ഭക്ഷണപ്പൊതി പദ്ധതിക്ക് നൽകും.  മാജിദ് അൽ ഫുത്തൈം ജീവനക്കാരും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുമെന്നും കുടുംബാംഗത്തോടൊപ്പം സിനിമ കാണാൻ ഇങ്ങനെ അവസരം ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്നും സിഇഒ കാമറൺ മിച്ചൽ അറിയിച്ചു. കാറിലെ സ്പീക്കറിൽ സിനിമയുടെ ശബ്ദം കിട്ടും. ഇതിനായി പ്രത്യേക ഫ്രീക്വൻസി ട്യൂൺ ചെയ്താൽ മതി.