ഹനീഫ ഓരോ സീനും എടുത്തത് ഹൃദയം കൊണ്ട്; ‘വാല്‍സല്യം’ കവിയുന്ന ഓര്‍മ: അഭിമുഖം

‘എന്റെ അധ്വാനത്തിന് കണക്കില്ല, എന്റെ ജീവിതത്തിന് കണക്കില്ല. പക്ഷേ എന്റെ മക്കളെ, ‍ഞാൻ തന്ന സ്നേഹത്തിന് കണക്കുണ്ട്. എന്റെ കയ്യിലല്ല, ഇൗശ്വരന്റെ കയ്യിൽ. ആ കണക്ക് അറിയാൻ നിങ്ങളുടെ പഠിപ്പ് പോര..’ വാക്ക് ഇടറി, കണ്ണുനിറഞ്ഞ്, മേലേടത്ത് രാഘവൻ നായർ ഉള്ളുപൊള്ളി പറഞ്ഞത് 27 വർഷങ്ങൾക്കിപ്പുറവും മലയാളി മനസുകളിൽ പൊള്ളുന്ന വാക്കുകളാണ്. പേരുപോലെ തന്നെയുള്ള ഒരു ചിത്രം. വാൽസല്യം. കുടുംബചിത്രങ്ങളുടെ പട്ടികയിൽ 27 വർഷങ്ങൾക്കിപ്പുറവും വാൽസല്യത്തിന്റെ സ്ഥാനത്തിന് ചലനമില്ല.

മമ്മൂട്ടി മേലേടത്ത് രാഘവന്‍ നായരായി ജീവിച്ച സിനിമ. ഓരോ മലയാളി കുടുംബത്തിലും നടന്ന, നടക്കുന്ന, നടക്കാനിരിക്കുന്ന സംഭവങ്ങളുടെ ആവിഷ്കാരം കൂടിയായിരുന്നു ഇൗ കൊച്ചിൻ ഹനീഫ- ലോഹിതദാസ് ചിത്രം. ഹൃദ്യമായ ഈ സിനിമയെ കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നു. 

‘27 വർഷം ആയോ മോനേ..’ ചോദ്യത്തിന് വാൽസല്യത്തോടെയുള്ള ആദ്യ മറുപടി ഇങ്ങനെയായിരുന്നു. പിന്നെ വാചാലയായി. ലോക്ഡൗണിൽ ഇങ്ങനെ വീട്ടിലിരിക്കുമ്പോൾ ആ ഓർമകൾ സന്തോഷവും സങ്കടവും പകരുന്നതാണെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. സിനിമ മുന്നോട്ട് വയ്ക്കുന്ന ഗൗരവം ഒന്നും തന്നെ അന്ന് ആ സെറ്റിലുണ്ടായിരുന്നില്ല. എല്ലാവരും ജോളിയായിട്ട് ചെയ്ത ഒരു സിനിമയാണ്. എടുത്തുപറയേണ്ടത് ഹനീഫയെ കുറിച്ചാണ്.

ഒരുപാട് സിനിമ ചെയ്ത് തഴക്കം വന്ന സംവിധായകനെ പോലെയായിരുന്നു ഹനീഫ അന്ന്. കൃത്യമായി എന്താണ് വേണ്ടതെന്ന് പറഞ്ഞുതരും. ഓരോ സീനും അയാൾ ഹൃദയം കൊണ്ടാണ് ചിത്രീകരിച്ചത്. അതാകും ഇന്നും ഇൗ സിനിമയെ നിങ്ങൾ ഓർത്തിരിക്കാൻ കാരണം. പിന്നെ ലോഹിതദാസ്. ലോഹി എനിക്ക് വേണ്ടിയാണ് ഇൗ കഥാപാത്രം എഴുതിയതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ എനിക്ക് അറിയാം. ലോഹി എനിക്കായി എഴുതിയ അമ്മ വേഷമാണിതെന്ന്. അമ്മ വേഷം ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും മേലേടത്ത് രാഘവൻ നായരുടെ അമ്മ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.

മോഹൻലാൽ എന്റെ മോനാണെന്നാ എല്ലാവരും പറയുന്നേ. എവിടെ പോയാലും ചോദിക്കും. മോനെ കൊണ്ടുവന്നില്ലേ, മോന് സുഖമാണോ എന്നൊക്കെ. അതുപോലെയാണ് മമ്മൂട്ടിയും. രണ്ടുപേരും മക്കളാണ്. തനിയാവർത്തനത്തിലും ഞ​ാൻ മമ്മൂട്ടിയുടെ അമ്മയായിരുന്നു. അതെഴുതിയതും ലോഹിയാണ്. അതൊന്നും അഭിനയമായിട്ട് തോന്നിയിട്ടില്ല. ഇവരുടെ രണ്ടുപേരുടെയും അമ്മയായി എത്തുമ്പോൾ ജീവിക്കുകയാണ് ഓരോ സീനിലും.

‘വർഷങ്ങൾ െകാണ്ടുള്ള ശീലമല്ലേ. അതിനപ്പുറം എന്തുപറയാനാണ്. വല്ലാത്ത വേദന തോന്നുന്നത് വാൽസല്യത്തിന്റെ പിന്നിലുണ്ടായിരുന്ന പലരുടെയും വേർപാടാണ്. അതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ..’ വാൽസല്യം കവിയുന്ന ഓർമകളോടെ കവിയൂർ പൊന്നമ്മ പറഞ്ഞുനിർത്തി.