വൈറസുകളെ മൈക്കൽ ജാക്സൻ അന്നേ ഭയന്നു; മാസ്ക് ധരിച്ചപ്പോൾ പരിഹസിച്ചു; വെളിപ്പെടുത്തൽ

മരണപ്പെട്ടിട്ടും ഇന്ന് ലോകത്ത് ഏറെ മൂല്യമുള്ള മനുഷ്യനാണ് പോപ്പ് ഇതിഹാസം മൈക്കൽ ജാക്സൺ. അദ്ദേഹത്തിന്റെ പെരുമാറ്റ രീതികളും വസ്ത്രധാരണവും പലപ്പോഴും വലിയ വാർത്തായിട്ടുണ്ട്. ഇപ്പോഴിതാ അതേ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ജാക്സന്റെ ബോർഡിഗാർഡ് കൂടിയായിരുന്ന മാറ്റ് ഫിഡ്സ്. ജാക്സൺ വൈറസുകളും പ്രകൃതി ദുരന്തങ്ങളും മനുഷ്യനെ ഇല്ലാതാക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായും ഫിഡ്സ് പറയുന്നു. 

‘പലപ്പോഴും അദ്ദേഹം മുഖത്ത് മാസ്ക് ധരിച്ചിരുന്നത് ഇൗ ഭയത്താൽ ആയിരുന്നു. അന്ന് അദ്ദേഹത്തെ പലരും അതിന്റെ പേരിൽ പരിഹസിച്ചിരുന്നു. ഇതേ കുറിച്ച് ഒരിക്കൾ അദ്ദേഹത്തോട് ചേദിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു. ആർക്കെങ്കിലും രോഗം പരത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കും രോഗം വരരുത്. ഒരുദിവസം പലരെയും കാണുന്നതല്ലേ. അവരിൽ നിന്നും എന്താണ് എനിക്കോ എന്നിൽ നിന്നും എന്താണ് അവർക്കോ പകരുന്നതെന്ന് അറിയില്ല. എന്നു കരുതി ആരാധകരെ വേദനിപ്പിക്കാനും കഴിയില്ല. അതുെകാണ്ടാണ് ഇങ്ങനെ എന്നായിരുന്നു അന്ന് ജാക്സൺ പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ സ്‌റ്റാർ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ കൂടിയായിരുന്നുവെന്ന് മനസിലായെന്നും അദ്ദേഹം പറയുന്നു.