'മൈക്കിൽ ജാക്സന്റെ പ്രേതത്തിന്റെ ഭാര്യ; ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു'; വിചിത്രവാദം

വിഖ്യാത പോപ്പ് താരവും നർത്തകനുമായ മൈക്കിൾ ജാക്സന്റെ പ്രേതത്തെ താൻ വിവാഹം ചെയ്തുവെന്ന വിചിത്രവാദവുമായി യുഎസ് സ്വദേശിനി രംഗത്ത്. കാത്‍ലീൻ റോബർട്സ് എന്ന യുവതിയാണ് പോപ്പ് രാജാവുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തിയതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ കുട്ടിത്തം നിറഞ്ഞ സ്വഭാവവും ചെറിയ കാൽപാദവും കൈകളുമാണത്രേ ജാക്സന്റെ പ്രേതത്തിന് ഏറെ ഇഷ്ടമായത്. പക്ഷേ ജാക്സന്റെ ആത്മാവ് തന്നോട് ഒരിക്കൽപ്പോലും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇവർ പറയുന്നു. എന്നാൽ തനിക്കൊപ്പം നൃത്തം വയ്ക്കുകയും പാടുകയും ഭക്ഷണം കഴിക്കുകയും ചെയ്താണ് ആത്മാവ് സ്നേഹം പ്രകടിപ്പിക്കുക എന്നാണ് ഇവരുടെ വാദം. ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേതം വിസമ്മതിക്കുന്നുവെന്നാണ് ഇവർ പറയുന്നത്്. 

'മൈ സ്റ്റോറി  ഓഫ് ബിങ് ദി വൈഫ് ആന്റ് ഫിസിക്കൽ മീഡിയം ഓഫ് ഗോസ്റ്റ് ഓഫ് മൈക്കിൾ ജാക്സൺ' എന്ന ലേഖനത്തിലൂടെയാണ് ഇവർ ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി മരണശേഷം തന്റെ ജീവിതത്തിലേക്ക് എത്തിയത് എങ്ങനെ എന്നതിന്റെ യഥാർഥ കഥയാണ് ഇതെന്നാണ് ലേഖനത്തിന് ആമുഖമായി ഇവർ കുറിച്ചത്.  

'അദ്ദേഹം എന്റെ കാര്യത്തിൽ വളരെ അധികം സ്വാർഥനാണ്. അദ്ദേഹത്തിന് കുക്കീസ് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പിറകിൽ സ്പര്‍ശിക്കുന്നത് ഇഷ്ടമല്ല. ഞാൻ എപ്പോഴെങ്കിലും പ്രണയാതുരമായി അദ്ദേഹത്തെ സമീപിച്ചാൽ ചിലന്തിയുടെയും മൃതദേഹത്തിന്റെയും ഒക്കെ രൂപങ്ങൾ കാട്ടി എന്നെ ഭയപ്പെടുത്തും. എന്റെ എല്ലാ തെറ്റുകുറ്റങ്ങളും ചൂണ്ടിക്കാണിക്കും. എന്തൊക്കെയാണെങ്കിലും ഞാൻ അദ്ദേഹത്തെ വളരെയധികം പ്രണയിക്കുന്നു'. അവർ കുറിച്ചിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്. വിഖ്യാത ഗായിക മർലിൻ മൻറോയുടെ പുനർജന്മമാണ് താനെന്ന് വാദിച്ച് നേരത്തെ കാത്‍ലീൻ രംഗത്തെത്തിയത് വാർത്തയായിരുന്നു.