ലൈംഗികാതിക്രമം; മൈക്കൽ ജാക്സണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; വിവാദം

പോപ്പ് ഇതിഹാസം മൈക്കൽ ജാക്സനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ''ലീവിങ് നെവർലാൻഡ്''എന്ന ഡോക്യുമെന്ററി. സേഫ്ഷക്ക് (40), റോബ്സൺ(46) എന്നിവരെ കുട്ടികളായിരിക്കുമ്പോൾ ജാക്സൺ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ജാക്ക്സണെതിരെ തുറന്നടിച്ച് ഇരുവരും അഭിമുഖം നൽകുകയും ചെയ്തു. 

ഏഴുവയസ്സുമുതൽ ജാക്സൺ ലൈംഗികമായി ആക്രമിക്കുമായിരുന്നുവെന്നും 14 വയസ്സുള്ളപ്പോൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും റോബ്സൺ വെളിപ്പെടുത്തി. 10 മുതൽ 14 വയസ്സുവരെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് സേഫഷക്ക് പറയുന്നത്. ഡോക്യുമെന്ററിക്കെതിരെ ജാക്ക്സന്റെ കുടുംബം രംഗത്തുവന്നു. ആരോപണം ഉന്നയിച്ചവർ തെളിവുമായി വരട്ടെയെന്ന് കുടുംബം പ്രതികരിച്ചു. 

1993ൽ ജാക്ക്സനെതിരെ സമാനമായ ആരോപണവുമായി ജോർദാൻ ഷാൻഡ്‌ലർ എന്ന കുട്ടി രംഗത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റോബ്സണെയും സേഫ്ഷക്കിനെയും ചോദ്യം ചെയ്തെങ്കിലും ജാക്ക്സൺ ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. 2005ൽ ജാക്ക്സനെതിരെ ക്രിമിനൽ ആരോപണമുയർന്നപ്പോഴും റോബ്സൺ പിന്തുണച്ചു. ഗവിൻ ആർവിസോ എന്ന കുട്ടിയാണ് അന്ന് ജാക്ക്സണെതിരെ ബാലപീഡന ആരോപണം ഉന്നയിച്ചത്.  അന്ന് റോബ്സന്റെ മൊഴിയാണ് ജാക്ക്സണെ കേസിൽ നിന്ന് രക്ഷപെടുത്തിയത്. എന്നാൽ‌ അന്ന് മൊഴി നൽകിയത് ജാക്ക്സന്റെ നിർദേശപ്രകാരമായിരുന്നുവെന്നും അതിന് തനിക്ക് പരിശീലനം നൽകിയിരുന്നുവെന്നും റോബ്സൺ ഇപ്പോൾ പറയുന്നു. 

''ആദ്യമായി എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത രാത്രിയിൽ അയാൾ എന്നോട് പറഞ്ഞു, ആരെങ്കിലും ഇത് അറിഞ്ഞാൽ നമ്മൾ രണ്ടുപേരും ജയിലിൽ പോകും, നമ്മുടെ കഥ കഴിയുമെന്ന്. ഇതൊക്കെ ഓര്‍ത്താണ് അന്ന് അങ്ങനെ മൊഴി നൽകിയത്. ഇപ്പോള്‍ അതോർത്ത് കുറ്റബോധം തോന്നുന്നു. അന്ന് എന്റെ മൊഴി മറ്റൊന്നായിരുന്നെങ്കിൽ ഗവിൻ എന്ന ബാലന് നീതി ലഭിച്ചേനെ, എന്നെപ്പോലെ മറ്റനേകം കുട്ടികൾ ജാക്സണിൽ നിന്ന് രക്ഷപെട്ടേനെ''-റോബ്സൺ പറഞ്ഞു. 

പരസ്പരം സ്നേഹിക്കുന്നവർ ഇങ്ങനെയൊക്കെയാണ് പെരുമാറുന്നത് എന്ന് ജാക്ക്സൺ പറഞ്ഞ് ധരിപ്പിച്ചിരുന്നു. അതനുസരിച്ചാണ് ലൈംഗികമായി ഉപയോഗിച്ചിരുന്നത്. അപ്പോൾ അതാണ് ശരിയെന്നായിരുന്നു ധാരണയെന്നും റോബ്സൺ പറഞ്ഞു. 

ചുംബിക്കാൻ അറിയുമോ എന്ന് ചോദിച്ച് ജാക്സൺ ഒരു രാത്രി അടുത്തുവന്നെന്നാണ് സേഫ്ഷെക്ക് പറയുന്നത്. അറിയില്ലെന്ന് പറഞ്ഞപ്പോൾ പഠിപ്പിക്കാം എന്നായി. ജാക്സന്റെ ഇഷ്ടക്കാരൻ എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണെന്ന് എന്നെ വിശ്വസിപ്പിച്ചു. പിന്നാലെ നിരന്തരം ലൈംഗികമായി ദുരുപയോഗം ചെയ്യാൻ തുടങ്ങിയതായും സേഫ്ഷെക്ക് പറയുന്നു.