'ജാക്സൻ പീഡിപ്പിച്ച് അവരെ കൊന്നില്ലല്ലോ'; ഇരകൾക്കെതിരെ നടി; രോഷം

പോപ്പ് ഗായകൻ മൈക്കൽ ജാക്സന്റെ വിവാദ ലൈംഗിക ജീവിതത്തെ ന്യായീകരിച്ച് അമേരിക്കൻ ഗായികയും നടിയുമായ ബാർബറ സ്ട്രെയ്സാന്‍ഡ്. ഏഴും പത്തും വയസ്സുള്ള രണ്ടുകുട്ടികളെ ജാക്സൻ ലൈംഗികമായി ചൂഷണം ചെയ്തെന്ന വെളിപ്പെടുത്തൽ ഈയടുത്ത് വലിയ വിവാദമായിരുന്നു. ജാക്സന്റെ പീഡനം കുട്ടികളെ കൊന്നില്ലല്ലോ എന്നാണ് ബാർബറയുടെ വാദം. 

''അദ്ദേഹത്തിന് ലൈംഗികദാഹമുണ്ടായിരുന്നു. അവ അദ്ദേഹത്തിന് തൃപ്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതൊരുപക്ഷേ അദ്ദേഹം വളർന്ന സാഹചര്യങ്ങളുടേതാകാം. ഡിഎൻഎ തകരാർ തന്നെയായിരിക്കാം. അദ്ദേഹം കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ ഒരുകാര്യം മറക്കരുത്. ജാക്സന്റെ ഒപ്പമായിരുന്നതിൽ ആ കുട്ടികൾ ആഹ്ലാദിച്ചിരുന്നു. ആവേശഭരിതരായിരുന്നു. പീഡനം അവരെ കൊന്നില്ലല്ലോ. പീഡനം അവരെ ഒരുതരത്തിലും ബാധിച്ചില്ല. അവർ പിന്നീട് വിവാഹിതരായി, കുട്ടികളുണ്ടായി. അവർ സന്തോഷത്തോടെ ജീവിച്ചു''-ബാര്‍ബറയുടെ വാക്കുകളാണിത്. 

ജാക്സനൊപ്പം കിടക്കാൻ കുട്ടികളെ അനുവദിച്ച  മാതാപിതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ബാർബറ പറഞ്ഞു. നടിയുടെ പരാമർശങ്ങൾ വലിയ വിവാദമായി.  'പീഡനം അവരെ കൊന്നില്ലല്ലോ'- സ്ട്രെയ്‍സാൻഡ് , നിങ്ങൾ അങ്ങനെതന്നെയാണോ പറഞ്ഞത് ? ‘ലീവിങ് നെവർലാൻഡ്’  ഡോക്യുമെന്ററിയുടെ സംവിധായകൻ  ഡാൻ റീഡ് ട്വിറ്ററിൽ കുറിച്ചത് ലോകത്തിന്റെ മുഴുവൻ ഞെട്ടലും അതിശയവുമാണ്. 

സേഫ്ചക്, റോബ്സൻ എന്നീ രണ്ട് യുവാക്കളാണ് ഡോക്യുമെന്ററിയിലൂടെ ജാക്സനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ഏഴുവയസ്സുമുതൽ ജാക്സൺ ലൈംഗികമായി ആക്രമിക്കുമായിരുന്നുവെന്നും 14 വയസ്സുള്ളപ്പോൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും റോബ്സൺ വെളിപ്പെടുത്തി. 10 മുതൽ 14 വയസ്സുവരെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് സേഫഷക്ക് പറയുന്നത്. ഇതിന് പിന്നാലെ പല റേഡിയോ സ്റ്റേഷനുകളും ജാക്സന്റെ പാട്ടുകൾ അവരുടെ ശേഖരത്തിൽ നിന്നൊഴിവാക്കിയിരുന്നു.