അന്ന് മരണാനന്തരം ലെഡ്ജർ; ഇന്ന് വാക്വീന്‍ ഫീനിക്സ്; ജോക്കര്‍: കണ്ണീരാദരം

ലോകം മുഴുവൻ ദിവസങ്ങൾക്ക് മുൻപ് തന്നെ ഒരു ഓസ്കർ അവാർഡ് പ്രഖ്യാപിച്ചിരുന്നു. ദി ബെസ്റ്റ് ആക്ടർ അവാർഡ് ഗോസ് ടു ‘വാക്വീന്‍ ഫീനിക്സ്’. അതെ, കോമാളിയുടെ പേരിലെത്തി ലോകത്തെ അമ്പരപ്പിച്ച നടൻ. ജോക്കർ വേഷത്തിലെത്തി ഓസ്കർ സ്വന്തമാക്കുന്ന രണ്ടാമത്തെ നടനാണ് വാക്വീന്‍ ഫീനിക്സ്. നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ മറ്റാർക്ക് എന്ന് അവാർഡ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സിനിമാപ്രേമികൾ വിധിയെഴുതിയതും ആ പ്രകടനത്തിന്റെ ആഴം െകാണ്ടും കൂടിയാണ്. പടം കണ്ടിറങ്ങുന്നവർ തോക്കെടുക്കുമോ എന്ന് അധികൃതർ ഭയന്നിടത്ത് വാക്കിൻ ജനങ്ങളെ കൊണ്ട് ഉൻമാദത്തിന്റെ നൃത്തം ചവിട്ടിച്ചു.

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്ലെക്ക് എന്ന കഥാപാത്രത്തെയാണ് വാക്വീന്‍  ഫീനിക്‌സ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വളരെ ദരിദ്രമായ പശ്ചാത്തലത്തിൽ കോമാളി വേഷം കെട്ടി ജീവിക്കുന്ന അമ്മയെ പരിപാലിക്കാന്‍ പോലും ശേഷിയില്ലാതെ മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കപ്പെടുന്ന ആര്‍തര്‍ ഫ്ലെക്ക് ഒരു പോലെ നായകനായും വില്ലനായും ചിത്രത്തില്‍ തിളങ്ങി.‌

മൂന്ന് തവണ അഭിനയത്തിനുള്ള ഓസ്കർ നോമിനേഷന്‍ നേടിയ താരമാണ് വാക്വീന്‍. വിഖ്യാത നടന്മാരായ ജാക്ക് നിക്കോൾസൺ, ഹീത്ത് ലെഡ്ഗെർ, ജേർഡ് ലേറ്റോ എന്നിവര്‍ക്കു ശേഷം ജോക്കറിന്റെ കുപ്പായം അണിയുന്ന താരം. ബാറ്റ്മാന്‍ സിനിമകളിലൂടെ ജോക്കർ എന്ന കഥാപാത്രം ജനപ്രീതി നേടുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി വാക്വീന്‍  ഫീനിക്സ് തന്റെ ശരീരഭാരം 23 കിലോ കുറച്ചിരുന്നു. മികച്ച നടനുള്ള ആദ്യ ഓസ്കാർ നേടിയ ജോക്കർ കഥാപാത്രത്തെ അവതരിപ്പിച്ച ഹീത്ത് ലെഡ്ഗെർ പക്ഷേ അന്ന് ആ അവാർഡ് വാങ്ങാൻ ജീവനോടെ ഉണ്ടായിരുന്നില്ല. 

ഓസ്കർ വേദി കാണാത്ത ഹീത്ത് ലെഡ്ജർ

വെള്ളിത്തിര തന്നെ കൊണ്ടാടുന്നത് അറിയാതെ, തന്റെ പേരിൽ ലോകം പ്രശംസ ചൊരിയുന്നത് അറിയാതെ ആ മഹാനടൻ മണ്ണോട് ചേർന്നിരുന്നു. നടന്‍ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. അന്ന് ഹീത്ത് ലെഡ്ജർ അനശ്വരനാക്കിയത് ജോക്കര്‍ എന്ന കഥാപാത്രത്തെയാണ്. ഇന്നും ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമാ ചരിത്രത്തിൽ ആ പേരുകാരൻ നിറഞ്ഞുനിൽക്കുന്നു.

തന്റെ പിൻമുറക്കാരൻ വാക്വീന്‍  ഫീനിക്സ് വേദിയിലെത്തി ഓസ്കാർ വാങ്ങുമ്പോൾ അത് ഹീത്ത് ലെഡ്ജർക്ക് കൂടിയുള്ള ആദരമാകുന്നു. മരിക്കുമ്പോള്‍ 28 വയസ്സ് മാത്രമായിരുന്നു ലെഡ്ജർക്ക് പ്രായം. ലെഡ്ജറെ 2008 ല്‍ ജനവരി 22ന് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വേദനസംഹാരികളുടെ അമിത ഉപയോഗമായിരുന്നു ലെഡ്ജറിന്റെ മരണകാരണം.