ഈ 45 സെക്കൻഡ് ബോൾട്ടന് കിട്ടിയതിലും കൂടുതൽ; ട്രംപിനെതിരെ ഒളിയമ്പ്

ഇത് രണ്ടാം തവണയാണ് നടൻ ബ്രാഡ് പിറ്റ് ഓസ്കർ പുരസ്കാരം നേടുന്നത്. 2014ൽ 12 ഇയേഴ്സ് എ സ്ലേവ് എന്ന ചിത്രത്തിന് മികച്ച നിർമാതാവിനുള്ള പുരസ്കാരമാണ് ബ്രാഡ് പിറ്റ് സ്വന്തമാക്കിയിരുന്നു. അഭിനയത്തിന് ആദ്യമായി പുരസ്കാരം നേടിയ ബ്രാഡ്പിറ്റ് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിനോടുള്ള വിയോജിപ്പ് അറിയിച്ചാണ് മടങ്ങിയത്. 

പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന് സാക്ഷിമൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള പ്രതിഷേധമാണ് ഓസ്‌കര്‍വേദിയില്‍ ബ്രാഡ്പിറ്റ് പരസ്യമായി പ്രകടിപ്പിച്ചത്. ''അവര്‍ എന്നോട് പറഞ്ഞത് എനിക്ക് സംസാരിക്കാന്‍ 45 സെക്കന്‍ഡ് മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു. എന്നാലിത് ഈയാഴ്ച അമേരിക്കന്‍ സെനറ്റ് ജോണ്‍ ബോള്‍ട്ടണ് അനുവദിച്ച സമയത്തേക്കാള്‍ കൂടുതലാണല്ലോ. എനിക്ക് തോന്നുന്നത് ക്വെന്റിന്‍ ഇതിനെക്കുറിച്ചും പിന്നീടൊരു ചിത്രം ചെയ്യുമെന്നാണ്'' - ബ്രാഡ് പിറ്റിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടി. 

പുരസ്കാരം മക്കൾക്ക് സമർപ്പിക്കുന്നുവെന്നും ബ്രാഡ് പിറ്റ് പറഞ്ഞു. ജെന്നിവർ അനിസ്റ്റൺ, ആഞ്ജലീ ജോളി എന്നിവരെ വിവാഹം കഴിച്ച ബ്രാഡ്പിറ്റിന് ആറ് മക്കളുണ്ട്. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിനാണ് ബ്രാഡ് പിറ്റിന് പുരസ്കാരം.