50 പൈസ കൊടുത്തില്ല; കുഞ്ഞു മമ്മൂട്ടി നാടകത്തിൽ നിന്നും പുറത്ത്; അപൂർവസംഭവം

‘അൻപതു പൈസ കൊടുക്കാനാവാത്തത് െകാണ്ട് സ്കൂൾ നാടകമൽസരത്തിൽ നിന്നും ഒഴിവാക്കപ്പെട്ട വിദ്യാർഥി. ആദ്യ അഭിനയമോഹം പൊലിഞ്ഞുവീണപ്പോൾ അവൻ വല്ലാതെ നീറിയിരുന്നു. സമയത്ത് 50 പൈസ കിട്ടിയില്ല എന്നതാണ് അവന് തിരിച്ചടിയായത്. അച്ഛനോട് ചോദിക്കാനുള്ള മടി ആദ്യ പ്രശ്നം. രണ്ടു ദിവസത്തിന് ശേഷം അമ്മ 50 പൈസ തന്നു. പക്ഷേ അപ്പോഴേക്കും സ്കൂൾ നാടകത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തിരുന്നു.’ അന്ന് കണ്ണീരൊപ്പി നടന്ന ആ കുട്ടി ഇന്ന് മമ്മൂട്ടിയാണ്. 

മനോരമ ബുക്ക്സ് പുറത്തിറക്കിയ എം പി സതീശന്റെ കൊച്ചി ഛായാ പടങ്ങൾ എന്ന പുസ്തകത്തിലാണ് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്കും എത്തുന്നത്. 

നാടകത്തിലെക്കുള്ള മേയ്ക്കപ് സാധനങ്ങൾ വാങ്ങിക്കുന്നതിനാണ് 50 പൈസ നൽകണമെന്ന് അന്ന് നാടകം സംവിധാനം ചെയ്യാനെത്തിയ അശോക് കുമാർ കുട്ടികളോട് ആവശ്യപ്പെട്ടത്. അന്നേ നടനാകണം എന്ന മോഹമുള്ള മമ്മൂട്ടി ഇതിനായി ഇറങ്ങി. എന്നാൽ വീട്ടിൽ പണം ചോദിക്കാൻ മടിയായിരുന്നു. ഒടുവിൽ  രണ്ടു ദിവസം കഴിഞ്ഞ് ഉമ്മ പൈസ സംഘടിപ്പിച്ചു കൊടുത്തു. അതുമായി സ്കൂളിലെത്തിയപ്പോൾ നാടകത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ആദ്യശ്രമം പരാജയപ്പെട്ടു. ‘സ്കൂൾ ഓർമകളിൽ’ ചില സാഹിത്യ പരിശ്രമങ്ങൾ എന്ന അധ്യായത്തിലാണു മമ്മൂട്ടി തന്റെ സ്കൂൾ ജീവിതത്തിലെ സ്മരണകളെ താലോലിക്കുന്നത്.

സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങൾ നഷ്ടപ്പെട്ട മമ്മൂട്ടി സാഹിത്യ രചനയിൽ ഒരു കൈ നോക്കാൻ ശ്രമം നടത്തിയിരുന്നു. ഒരുപാട് കഥകൾ എഴുതി. എന്നാൽ ആരും വായിക്കാതെ, എങ്ങും വെളിച്ചം കാണാതെ അതൊക്കെ എവിടെയോ മണ്ണടിഞ്ഞു പോയി. 

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ‘കലാകുസുമം’ എന്ന കയ്യെഴുത്ത് മാസികയുടെ ചുമതല എഡിറ്റർ ഇ.കെ. പുരുഷോത്തമൻ മമ്മൂട്ടിയെ ഏൽപ്പിച്ചു. സുഹൃത്ത് ധനഞ്ജയനുമായി ചേർന്നു കലാകുസുമം പാടുപെട്ടു പുറത്തിറക്കി. മാറ്റർ ശേഖരിക്കൽ വലിയ പണിയായിരുന്നു. നാട്ടിലുള്ള ഏക സാഹിത്യകാരൻ ചെമ്പിൽ ജോണാണ്. കൈയെഴുത്ത് മാസികക്കൊന്നും അദ്ദേഹത്തിന്റെ കഥകൾ കിട്ടില്ല. മമ്മൂട്ടി തന്നെ ‘മഞ്ജയ്’ എന്ന തൂലികാനാമത്തിൽ ധാരാളം എഴുതിക്കൂട്ടി.വർഗീസ്, രഘുവരൻ, പുരുഷൻ, ജോൺ മാത്യു, അബ്ദുൽ ഖാദർ, മനോഹരൻ തുടങ്ങിയവരൊക്കെ ക്ലാസിലെ കൂട്ടുകാരായിരുന്നു. ബാപ്പയുടെ അനുജൻ അധ്യാപകനായ കൊച്ചമ്മു ആണു മമ്മൂട്ടിയെ വായനയുടെ ലോകത്തേക്ക് ആനയിച്ചത്. തന്റെ ഉള്ളിലെ അഭിനയ മികവിനെ ഊതിക്കാച്ചി പൊന്നാക്കി മാറ്റാൻ ആ വായനശീലം മമ്മൂട്ടിക്കെന്നും തുണയായിട്ടുണ്ട്. 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം