‘പച്ചമാങ്ങ’യിലെ വസ്ത്രധാരണം ആ കാലത്തിലേത്; വിശദീകരണവുമായി സോന

പച്ചമാങ്ങ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിലെ നായിക സോന ഹെയ്ഡൻ. ചിത്രത്തിന്റെ ട്രെയിലർ റിലീസായതോടെയാണ് നടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നത്. സിനിമയിെല സോനയുടെ വസ്ത്രധാരണ രീതിയായിരുന്നു ആളുകളെ ചൊടിപ്പിച്ചത്.

ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ചെയ്തതെന്നും കഥാപാത്രത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സോന പറയുന്നു.

‘വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. വൈകാരികമായ ഒരുപാട് രംഗങ്ങൾ നിറഞ്ഞ ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല.’- സോന വ്യക്തമാക്കി.

തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഒപ്പം, അമർ അക്ബർ അന്തോണി, കർമയോദ്ധ തുടങ്ങിയ മലയാളസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രതാപ് പോത്തന്‍, സോന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ.  ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പും നന്മതിന്മകളും വിശകലനം ചെയ്യപ്പെടുന്ന കഥാന്തരീക്ഷത്തില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്.

ജിപ്സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ്സ, മനൂബ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ. വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാബ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരും അഭിനയിക്കുന്നു. ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി പട്ടിക്കരയുടേതാണ് കഥ.