ഷെയ്നെതിരെ വാർത്ത കൊടുത്താൽ പണം; വെളിപ്പെടുത്തി സംവിധായകൻ; കുറിപ്പ്

ഷെയ്ൻ നിഗം എന്ന നടനെ വിലക്കിയതല്ല ഒതുക്കിയതാണെന്ന് താരത്തെ പിന്തുണച്ച് രംഗത്തെത്തിയവർ എല്ലാവരും ആരോപിച്ചിരുന്നു. ഇപ്പോഴിതാ അതിനുള്ള തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സാജിജ് യഹിയ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. ഷെയ്നെതിരെ പെയിഡ് ന്യൂസ് നൽകാൻ ബന്ധപ്പെട്ട ഒരു വ്യക്തിയുടെ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചാണ് കുറിപ്പിട്ടിരിക്കുന്നത്. 

കുറിപ്പ് വായിക്കാം; ‘എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസേജ് ആണിത്. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും. 

Moju Mohan എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസേജ് ആണിത്.

കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ്‌ പോർട്ടൽസ്‌, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്റുകൾ, സ്റ്റോറീസ് വരണം. അതായത് ‘പെയ്ഡ് ന്യൂസ്‌’.

വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിൻ മാത്രമല്ല വില്ലൻ. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്.#തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..