‘വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല’: ഷെയ്ന്‍

ആലുവയിലെ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി അസഫാക് ആലത്തിന് വധശിക്ഷ. വിധി വന്നതിന് പിന്നാലെ സോഷ്യല്‍ മിഡിയയില്‍ ശിക്ഷാവിധിയെ കുറിച്ചുള്ള ചര്‍ച്ചകളാണ്. നിരവധി ആളുകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. രോഷവും വേദനയും ആശങ്കയും ആശ്വസവുമെല്ലാം കുറിച്ചു. തക്കതായ ശിക്ഷതന്നെ ലഭിച്ചതില്‍ ജനങ്ങള്‍ തൃപ്തിയും കോടതിക്കുമേലുള്ള വിശ്വാസവുമാണ് പ്രകടിപ്പിക്കുന്നത്. വിധിയെത്തിയതിന് പിന്നാലെ ഷെയ്ന്‍ നിഗം കുറിച്ച വാക്കുകളും ഏറെ ശ്രദ്ധനേടുകയാണ്. 

വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല എന്നാണ് താരത്തിന്‍റെ വാക്കുകള്‍. രോഷവും ശിക്ഷാവിധിയില്‍ തൃപ്തിയും രേഖപ്പെടുത്തിയാണ് പോസ്റ്റ്.  പിന്നാലെ പോസ്റ്റിന് പിന്തുണയുമായി നിരവധി ആവുകളാണ് എത്തിയത്. താരത്തിന്‍റെ പ്രതികരണത്തില്‍ നിങ്ങള്‍ ജനങ്ങളുടെ ശബ്ദമായി മാറുകയാണ് എന്നാണ് ഒരു കമന്‍റ്. 

ഇന്ന് പതിനൊന്നു മണിയോടെയാണ് കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ വിധിയെത്തിയത്. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിശു ദിനത്തില്‍ മാതൃകാപരമായ ശിക്ഷ വിധിച്ചത്. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം,  കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാല്‍സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം. പോക്സോ കോടതി ജ‍ഡ്ജി കെ.സോമനമാണ് ശിക്ഷ വിധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന് വിലയിരുത്തിയാണ് വിധി. ക്രൂരകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.  വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും പരമാവധി ശിക്ഷ നല്‍കാനും നാട്ടുകാരും മാധ്യമങ്ങളും  സഹായിച്ചെന്ന് വിധികേട്ട ശേഷം എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ നാട്ടുകാര്‍ മധുരം വിതരണം ചെയ്തിരുന്നു.