പോസ്റ്ററില്‍ പ്രാമുഖ്യം വേണമെന്ന് ഷെ​​യ്ന്‍; ഷൂട്ടിങ് തടസ്സപ്പെട്ടെന്ന് സോഫിയ; കത്തുകള്‍ പുറത്ത്

നടൻ ഷെയ്ൻ നിഗമിനെ സിനിമാ സംഘടനകൾ വിലക്കാനിടയായ  കത്തുകൾ പുറത്ത്. 'RDX' സിനിമയുടെ മാർക്കറ്റിങിലും പ്രമോഷനിലും ബ്രാൻഡിങിലും  തനിക്ക് പ്രാധാന്യം വേണമെന്നതടക്കമുള്ള ഷെയിനിന്റെ കത്തും ഷെ​യ്നും അമ്മയും ഷൂട്ടിങ് തടസപ്പെടുത്തിയെന്ന നിർമാതാവ് സോഫിയ പോളിന്റെ കത്തുമാണ് മനോരമ ന്യൂസിന് ലഭിച്ചത്. ബോധമില്ലാതെയാണ് പെരുമാറുന്നതെന്ന് ആരോപിച്ചാണ് നേരത്തെ ഷെയ്ന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമ സംഘടനകൾ വിലക്കിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Rdx സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രം മുന്നിട്ട് നിൽക്കണം. പ്രേക്ഷകരുടെ മുന്നിൽ താൻ മുഖ്യകഥാപാത്രം എന്ന നിലയിൽ സിനിമ ബ്രാൻഡ് ചെയ്യപ്പെടണം എന്നതടക്കം നിരവധി കാര്യങ്ങളാണ്‌ ഷെയ്ന്‍ നിർമാതാവ് സോഫിയ പോളിന്റെ കമ്പനിയോട് കത്തിൽ ആവശ്യപ്പെട്ടത്. ഇതിനും അപ്പുറം ഷെയ്ന്‍ ഷൂട്ടിങ്ങിൽനിന്ന് വിട്ടുനിന്ന്  ധനനഷ്ടവും നാണക്കേടും  ഉണ്ടാക്കിയെന്ന് നിർമാതാക്കളുടെ  സംഘടനയ്ക്ക് നൽകിയ കത്തിൽ സോഫിയ പോൾ ആരോപിക്കുന്നു. ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ഷെയിനിനും അമ്മയ്ക്കും കാണിച്ചു കൊടുത്തില്ലെങ്കിൽ അഭിനയിക്കില്ലെന്ന് ഷെയ്ന്‍ പറഞ്ഞു. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ സെറ്റിലെത്തി ചർച്ച നടത്തിയതോടെയാണ് അഭിനയിക്കാൻ തയാറായത്. ഷെയ്നിന്റെ നിഷേധനിലപാടുകളും കടുംപിടുത്തവും കാരണം ഷൂട്ടിങ് മുടങ്ങിയ സാഹചര്യവും സോഫിയ കത്തിൽ വിശദീകരിക്കുന്നു. മുൻപ് വെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഇതേ സാഹചര്യങ്ങളിലാണ് ഷെയ്ന്‍ വിലക്ക് നേരിട്ടത്. സിനിമയിലേക്ക് മടങ്ങിയെത്തിയ നടൻ വീണ്ടും വിവാദത്തിൽ അകപ്പെട്ടതോടെ താരസംഘടനയും കൈവിട്ടിരുന്നു. അതിനിടെ  സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി അമ്മയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കി.