നസീറും ജയഭാരതിയുമില്ലാതെ നിന്റെ സിനിമ ആരു കാണാൻ?; ആ കാലം പറഞ്ഞ് തകരയുടെ നിർമാതാവ്

നസീറും ജയഭാരതിയുമില്ലാതെ നിന്‍റെ സിനിമ ആരുകാണാന്‍..? തകരയെന്ന സിനിമയ്ക്കായി ഭരതനും പത്മരാജനും കൈകൊടുക്കുമ്പോള്‍ വിവി ബാബുവിനോട് അമ്മ ചോദിച്ച ചോദ്യം. മലയാളത്തിലെ ആദ്യ ന്യൂജന്‍ സിനിമയുടെ നിര്‍മാതാവ് ഇതാ ഇവിടെയുണ്ട്.

തകരയെടുത്ത് പൊളിഞ്ഞു പോയില്ല ആ നിര്‍മാതാവ്. എഴുപതുകളുടെ അവസാനം അന്നോളമുള്ള മലയാള സിനിമയുടെ ചിട്ടവട്ടങ്ങളെയെല്ലാം മാറ്റി മറിച്ച തകര. സിനിമ വാരിയ പണം പക്ഷേ നിര്‍മാതാവിലേക്ക് എത്തിയില്ലെന്ന് മാത്രം.പക്ഷേ പരാതികളില്ല. സിനിമ വലിയ ചില സമ്പാദ്യങ്ങള്‍ സമ്മാനിച്ചു. 

നിര്‍മിച്ച നാല് സിനിമകളും ക്ലാസിക് എന്നുപേരു കേള്‍പ്പിച്ചയാള്‍. തക കഴിഞ്ഞ്  വെങ്കലവും ചകോരവും അഗ്നിസാക്ഷിയും. കാലവും ഓര്‍മകളും പലത് കടന്നുപോയി. മലയാള സിനിമയും ഒരുപാട് മാറി.നിർമാതാവെന്ന നിലയിൽ അന്നും ഇന്നും ഒരേ ഒരു പരാതി മാത്രം ബാക്കി. മലയാള സിനിമ പല ചരിത്രങ്ങളിലൂടെ നടക്കുന്നു. ആ പുറങ്ങളില്‍ പക്ഷേ തിളക്കത്തോടെ വേണം ഈ മനുഷ്യന്‍റെ പേര്. സിനിമയുടെ വെള്ളിവെളിച്ചത്തിന് ഏറെ അകലെയെങ്കിലും മലയാള സിനിമയില്‍ കാലം മായ്ക്കാത്ത സ്മാരകങ്ങളാണ് ഈ മനുഷ്യന്‍റെ സിനിമകള്‍.