നടനെ വിമര്‍ശിച്ചാല്‍ അധിക്ഷേപം; കേരളത്തിലെ ആരാധകര്‍ നിരാശപ്പെടുത്തി: തുറന്നടിച്ച് പൃഥി

കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവരെന്ന് അവകാശപ്പെടനാവില്ലെന്ന് നടന്‍ പൃഥിരാജ്. സിനിമാനടന്മാരെ വിമര്‍ശിക്കുന്നയാളെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ട് നേരിടുന്ന മലയാളി ആരാധന നിരാശജനകമെന്നും നടന്‍ അഭിപ്രായപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ തന്നെ ഏറെ നിരാശപ്പെടുത്തി. ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥിരാജ് ചോദിക്കുന്നു.

തനിക്ക് ഒരു ഫാന്‍ ക്ലബ് ഉണ്ടെന്ന് അറിഞ്ഞ നിമിഷവും, അതില്‍ ഉണ്ടായ സന്തോഷത്തെ കുറിച്ചും പൃഥിരാജ് വാചാലനാകുന്നുണ്ട്. തിരുവനന്തപുരത്ത് സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴാണ് തനിക്ക് ഒരു ഫാന്‍ ക്ലബ് ഉണ്ടെന്ന് അറിഞ്ഞത്. അതില്‍ ഉണ്ടായ സന്തോഷത്തെ കുറിച്ച് പൃഥി മനസ്സുതുറക്കുന്നു. അന്ന് അസ്സോസിയേഷനില്‍ ഉണ്ടായവര്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു നടന്റെ ഫാന്‍ ആയാല്‍ ആരാധകന് ഒന്നും ലഭിക്കില്ല. എന്നാല്‍ തന്നെ ആരാധിക്കേണ്ടന്നോ വേണമെന്നോ പറയാനുള്ള അവകാശം ആര്‍ക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സാണ് റിലീസിന് ഒരുങ്ങുന്ന പുതിയ പൃഥ്വി ചിത്രം. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വി ഇപ്പോള്‍. പൃഥ്വിയും ബിജു മേനോനുമാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.