‘ഇത് സുഖമുള്ള ഒരോർമയാണ്’; സൗഹൃദചിത്രം പങ്കുവച്ച് മോഹൻലാൽ; കുറിപ്പ്

പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിന്റെ കൗതുക ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രിയദർശനൊപ്പമുള്ള പഴയ ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ‘ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്. സിനിമാ സ്വപ്നങ്ങൾ കണ്ടത്.പല കഥാപാത്രങ്ങളും ജനിച്ചത്. ഈ സൗഹൃദത്തിൽ നിന്നാണ്.ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ.ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ. ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം.’ അദ്ദേഹം കുറിച്ചു.

പ്രിയദർശന്റെ 95–ാമത്തെ ചിത്രമായ  കുഞ്ഞാലി മരയ്ക്കാർ തിയറ്ററിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തെ കുറിച്ച് പുറത്തുവന്ന വാർത്തകളും ചിത്രങ്ങളും വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. നൂറുകോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവ് മോഹൻലാലാണ്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇൗ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകൻ. തിരുവാണ് ഛായാഗ്രഹണം.