‘നായകനായി നിശ്ചയിച്ചു, സ്നേഹ എന്നെ ഒഴിവാക്കി’: തർക്കം; ഇപ്പോൾ ഭാര്യ; പ്രണയകഥ

മലയാളത്തിന്റെ ഹൃദയം കവർന്ന നായികയാണ് സ്നേഹ. തൊട്ടുപിന്നാലെ ഭർത്താവ് പ്രസന്നയും വില്ലൻ വേഷത്തിലൂടെ അമ്പരപ്പിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും പ്രണയജോഡികളായ താരങ്ങൾ വനിതയ്ക്ക് നൽകിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇരുവരുടെയും പ്രണയം തന്നെയാണ് കൗതുകം. ഒരു അഭിപ്രായ വ്യത്യാസത്തിൽ തുടങ്ങി ഒന്നുചേർന്ന പ്രണയകഥ ഇരുവരും വനിതയോട് പങ്കുവച്ചു.

ബ്രദേഴ്സ് ഡേ എന്ന സിനിമയിൽ നന്നായി മലയാളം പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലൂടെയാണ് സ്നേഹ പ്രണയക്കഥയിലേക്ക് കടന്നത് ഒപ്പം പ്രസന്നയും. ‘കണ്ടീപ്പാ ഇവന് ഒരു മലയാളി ലവർ  ഇരുന്തിരിക്ക വേണം. ആനാ സമ്മതിക്കമാട്ടേൻ. അന്തമാതിരി ഫ്ലുവന്റ് മലയാളം താൻ പേസ്റേൻ...’ സ്നേഹ പറഞ്ഞുനിർത്തിയതും പ്രസന്ന പൊട്ടിച്ചിരിച്ചു. 

സ്നേഹ–പ്രസന്ന പ്രണയം, വിവാഹം ഇങ്ങനെ: ‘2008ലാണ് സ്നേഹയുമായി ആദ്യം സംസാരിക്കുന്നത്. ചേച്ചിക്ക് സമ്മാനം കൊടുക്കാനായി എന്റെ കയ്യിലുള്ള ഇളയരാജ പാട്ടുകളുടെ കളക്‌ഷൻ ചോദിച്ചാണ് അവൾ വിളിച്ചത്. ഞാൻ അത്ര നന്നായല്ല സംസാരിച്ചത്. അതിന് ഒരു കാരണവുമുണ്ട്. സ്നേഹ നായികയായ ചിത്രത്തിൽ നായകനായി എന്നെനിശ്ചയിച്ചിരുന്നു. പിന്നീട് എന്നെ ഒഴിവാക്കി. സത്യം അറിയാൻ ഞാൻ പല വഴിക്കും അന്വേഷണം നടത്തി. സ്നേഹയുടെ നിർദേശപ്രകാരമാണ് നായകനെ മാറ്റിയത് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. 

അങ്ങനെയിരിക്കെയാണ് സ്നേഹയുടെ വിളി വന്നത്. ഉള്ളിൽ ദേഷ്യമുള്ളപ്പോൾ സ്വാഭാവികമായി അതു സംസാരിത്തിലും വരുമല്ലോ. അപ്പോൾ അങ്ങനെ പെരുമാറിയതിൽ തെറ്റു പറയാൻ കഴിയുമോ? പിന്നീട് 2009 ൽ പുറത്തിറങ്ങിയ ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന ചിത്രത്തിലാണ് ഞാനും സ്നേഹയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സ്നേഹയെ അടുത്തറിയുന്നത് അപ്പോഴാണ്. ജീവിതത്തിൽ അഭിനയിക്കാത്ത നടിയാണ്. അവർക്ക് സാധാരണക്കാരിയാകാനാണ് കൂടുതൽ താൽപര്യം എന്നു തിരിച്ചറിഞ്ഞതോടെ ഞങ്ങൾ സൗഹൃദമായി. ഇടയ്ക്ക് ചില ഗോസിപ്പുകൾ വന്നെങ്കിലും അതെല്ലാം ഞാൻ നിഷേധിച്ചു.

ഒരു സിനിമാ നടിയെ വിവാഹം ചെയ്യും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ആളാണ് ഞാൻ. വീട്ടുകാർ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന ചിന്തയും. ഇടയ്ക്ക് ഒന്നു രണ്ടു ക്രഷ് ഒക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹക്കാര്യം വീട്ടുകാർക്ക് വിട്ടുകൊടുക്കാം എന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, സ്നേഹയാണ് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു.

എന്റെ അച്ഛനെ സമ്മതിപ്പിക്കാൻ ആറു മാസമെടുത്തു, ജാതി ആയിരുന്നു തടസ്സം. ഞങ്ങൾ ബ്രാഹ്മണരാണ്, സ്നേഹ നായിഡുവും. ഒടുവിൽ വർഷങ്ങൾക്കു മുൻപ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ വരെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്. 2012ലായിരുന്നു വിവാഹം. പറ്റിയാൽ എന്നെങ്കിലും ഞാൻ ഇതൊരു സിനിമയാക്കും. അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം: