ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കഴിച്ചു; ഭാരം കൂടി; 18 കിലോ കുറച്ചതിനെക്കുറിച്ച് ശ്രദ്ധ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ശ്രദ്ധ ശ്രീനാഥ്. കന്നഡ ചിത്രം യു ടേണിലൂടെയാണ് ശ്രദ്ധ അഭിനയരംഗത്തേക്കെത്തുന്നത്. സിനിമയിലെത്തുംമുന്‍പ് അമിത ഭാരമുണ്ടായിരുന്നുവെന്നും അത് കുറച്ചതിനെക്കുറിച്ചും തുറന്നുപറയുകയാണ് ശ്രദ്ധ. 

പതിനെട്ട് കിലോ ഭാരമാണ് ശ്രദ്ധ കുറച്ചത്. ''2014ല്‍ നല്ല വണ്ണമുണ്ടായിരുന്നു. നല്ല ജോലിയും ശമ്പളവും എന്റെ ജീവിത രീതി മാറ്റി മറിച്ചു. വളരെ സന്തോഷത്തോടെ കിട്ടുന്നതെല്ലാം വാങ്ങി കഴിച്ചു, ഇഷ്ടമുള്ളതെല്ലാം ധരിച്ചു. കയ്യിനും കാലിനുമെല്ലാം അമിതഭാരം വന്നപ്പോള്‍ എനിക്കത് കുറവായി തോന്നിയില്ല''- ശ്രദ്ധ പറയുന്നു.

എന്നാല്‍ അമിതവണ്ണമുള്ള എന്റെ ചിത്രം കണ്ടതോടെ എനിക്ക് ടെന്‍ഷനായി. ഈ ശരീരഭാരം എന്റെ  പ്രായത്തില്‍ കവിഞ്ഞതാണെന്ന് തോന്നി, ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. ദിവസവും അഞ്ച് മിനിറ്റ് ഓടാന്‍ തുടങ്ങി, പിന്നീട് 15 മിനിറ്റ്, ഒടുവില്‍ എന്റെ ഓട്ടം ദിവസേന 40 മിനിറ്റ് വരെയെത്തി.

18 കിലോ ഭാരമാണ് ഞാന്‍ അഞ്ച് വര്‍ഷം കൊണ്ട് കുറച്ചത്. പുലര്‍ച്ചെ  എഴുന്നേല്‍ക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. ചില ദിവസങ്ങളില്‍ ദിവസവും രണ്ടുനേരം വരെ വ്യയാമം ചെയ്തിരുന്നു. വളരെ ഫിറ്റായ വ്യക്തിയാണ് ഞാനെന്ന് ഒരിക്കലും പറയുന്നില്ല. ഇപ്പോള്‍ ഞാന്‍ വല്ലപ്പോഴുമേ വ്യായാമം ചെയ്യാറുള്ളൂ, എന്നാല്‍ ഭക്ഷണം എങ്ങനെ കഴിക്കണമെന്ന് എനിക്ക് നന്നായി അറിയാം. ഞാന്‍ ഭക്ഷണപ്രിയയാണ്, എന്നാല്‍ അമിതമായി ഭക്ഷണം കഴിച്ചതാണ് എന്റെ അവസ്ഥയ്ക്ക് കാരണമായി തീര്‍ന്നത്. ഭക്ഷണത്തിനോടുള്ള പ്രണയവും വ്യായാമവും എല്ലാം സന്തുലിതമായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഞാന്‍. 

നിങ്ങള്‍ വ്യായാമം ചെയ്യുന്നുവെങ്കില്‍ അത് നിങ്ങള്‍ക്കായി ചെയ്യുക. നിങ്ങളുടെ കാല്‍മുട്ടിന് ശരീരഭാരം  ജീവിതാവസാനം വരെ താങ്ങാന്‍ കഴിയണം. രോഗങ്ങള്‍ അലട്ടാത്ത ഒരു ജീവിതം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം. നന്നായി ഉറങ്ങാനും സാധിക്കണമെന്നും ശ്രദ്ധ പറഞ്ഞു.