'അമിതഭാരം മൂലം അയാൾ എന്നെ വേണ്ടെന്ന് പറഞ്ഞു'; 50 കിലോ കുറച്ച് യുവതി

തടി അൽപ്പം കൂടിയതിന്റെ പേരിൽ ബോഡിഷെയ്മിങ് നേരിടുന്ന നിരവധിയാളുകൾ നമുക്കിടയിലുണ്ട്. പല കാരണങ്ങളാണ് ആളുകളെ ശരീരഭാരം കുറക്കാൻ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരിൽ നിന്നുള്ള പരിഹാസമോ ആരോഗ്യപ്രശ്നങ്ങളോ അങ്ങനെ കാരണങ്ങൾ നിരവധിയുണ്ടാകാം. ഇരുപത്തിയെട്ടുകാരിയായ മിനി കൗറിന് പറയാനുള്ള കഥയിതാണ്. 

127 കിലോ ആയിരുന്നു മിനിയുടെ ഭാരം. മിനിക്ക് ഒരാളോട് പ്രണയമുണ്ടായിരുന്നു. അമിത വണ്ണം മൂലം അയാൾ മിനിയുടെ പ്രണയം നിരസിച്ചു. ഹൃദയഭേദകമായ നിമിഷമെന്നാണ് മിനി അതിനെ വിശേഷിപ്പിക്കുന്നത്. അങ്ങനെയാണ് ശരീരഭാരം കുറക്കാൻ മിനി തീരുമാനിക്കുന്നത്. രണ്ടുവർഷം കൊണ്ട് 50 കിലോയാണ് മിനി കുറച്ചത്. 

ഭാരം കുറക്കാൻ തീരുമാനിക്കുമ്പോൾ മിനിയുടെ പ്രായം 31. ഭാരം 127 കിലോ. ഉയരം 5 അടി 9 ഇഞ്ച്. ഭാരം അമിതമായി കൂടിയതോടെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാനും മറ്റും മടിയായിരുന്നുവെന്ന് മിനി പറയുന്നു. 

പ്രഭാതഭക്ഷണം പൂര്‍ണമായും ഒഴിവാക്കിയായിരുന്നു മിനിയുടെ ഡയറ്റ്. ഉച്ചക്ക് രണ്ട് ചപ്പാത്തിയും അൽപ്പം ചോറും പച്ചക്കറികളും. രാത്രിയിൽ രണ്ട് ചപ്പാത്തിയും പച്ചക്കറികളും. ഒപ്പം കഠിനമായ വ്യായാമവും മിനി ശീലമാക്കി. 

വ്യായാമം ചെയ്യാൻ മടി തോന്നുമ്പോഴോ കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുമ്പോഴോ പഴയ ഫോട്ടോകളെടുത്ത് നോക്കുമെന്ന് മിനി പറയുന്നു. ഭാരം കുറഞ്ഞെങ്കിലും ഇനിയും വ്യായാമം തുടരാനാണ് മിനിയുടെ തീരുമാനം.